വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ ഇളപ്പുങ്കൽ കാരയ്ക്കാട് നടപ്പാലം
ഈരാറ്റുപേട്ട: ഒരു പ്രളയത്തിൽ തകരുകയും വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം യാഥാർഥ്യമാവുകയും ചെയ്ത ഇളപ്പുങ്കൽ നടപ്പാലം വീണ്ടും തകർന്നു. മീനച്ചിൽ താലൂക്കിലെ കിഴക്കൻമേഖലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിനെത്തുർന്നുണ്ടായ പ്രളയത്തിലാണ് നടപ്പാലം വീണ്ടും ആറ്റിൽ പതിച്ചത്.
2021 നുണ്ടായ പ്രളയത്തിലാണ് പാലത്തിന്റെ മധ്യഭാഗം ഒഴുകിപ്പോയത്. നാല് വർഷത്തെ കാത്തിരിപ്പിനും നിവേദനങ്ങൾക്കും ശേഷം 2025 ൽ നടപ്പാലം പുനർനിർമിച്ചിരുന്നു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 21 ലക്ഷം രൂപ അനുവദിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ വർഷം ജൂലൈ 10 ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കുകയും ചെയ്തിരുന്നു.
പുനർനിർമിച്ച ഭാഗം തന്നെയാണ് വീണ്ടും തകർന്നത്. ഇതോടെ ഈരാറ്റുപേട്ട നഗരസഭയിലെ കാരക്കാട് നിവാസികൾക്കും തലപ്പലം പഞ്ചായത്തിലെ ഇളപ്പുങ്കൽ നിവാസികൾക്കും മീനച്ചിലാറിന്റെ മറുകരയെത്താനുള്ള ആശ്രയം വീണ്ടും അടഞ്ഞു. നിലവിൽ പ്രദേശവാസികൾക്ക് മറുകരയെത്തുവാൻ ഈരാറ്റുപേട്ട ടൗണിലൂടെ ഏഴു കിലോമീറ്റർ അധികം സഞ്ചരിക്കണം.
Tags : Nattuvishesham DistrictNews DeepikaNews Footbridge