അനധികൃത മദ്യവിൽപന നടത്തിയതിനു പിടിയിലായ പ്രതികൾ എക്സൈസ് ഉദ്യോഗസ്ഥർക്കൊപ്പം (മുകളിൽ). പിടിച്ചെടുത്ത മദ്യക്കുപ്പികൾ (താഴെ).
101 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു
കാട്ടാക്കട: കോഴിക്കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന നടത്തിയ രണ്ടുപേർ കാട്ടാക്കട എക്സൈസിന്റെ പിടിയിലായി. എ.എസ്. ചിക്കൻ സ്റ്റാൾ ഉടമയായ പൂഴനാട് മുള്ളിലവിന്മൂട് വിളയിൽ വീട്ടിൽ അജി (39), സ്ഥാപനത്തിലെ ജീവനക്കാരനും മൈലക്കര രണ്ടാംതോട് തോട്ടിൻമൂല വീട്ടിൽ ജോസ് (42) എന്നിവരാണ് പിടിയിലായത്.
"ഓപ്പറേഷൻ തണ്ടർ' പദ്ധതിയുടെ ഭാഗമായി കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടർ ടി. കാർത്തികിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണു രണ്ടുപേർ പിടിയിലായത്. ഇന്നലെ പുലർച്ചെ നടത്തിയ പരിശോധനയിൽ 101 കുപ്പി മദ്യവും, മദ്യക്കടത്തിന് ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് സംഘം പിടിച്ചെടുത്തു.
അജിയുടെ നേതൃത്വത്തിലായിരുന്നു മദ്യവിൽപ്പന നടന്നിരുന്നത്. സ്ഥാപനത്തിലെ ജീവനക്കാരനായ ജോസ്, ഫോൺ മുഖേന ഓർഡർ സ്വീകരിച്ച് ആവശ്യക്കാരുടെ സ്ഥലത്ത് മദ്യം എത്തിച്ച് നൽകുന്നതായിരുന്നു ഇവരുടെ രീതി. കള്ളിക്കാട് പഞ്ചായത്ത് സ്റ്റേഡിയത്തിനു സമീപത്ത് ഒരാൾക്ക് വിൽപ്പന നടത്തുന്നതിനിടെയാണ് ജോസ് എക്സൈസിന്റെ പിടിയിലായത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് എ.എസ്. ചിക്കൻ സ്റ്റാളിൽ മദ്യവിൽപ്പന നടത്തിക്കൊണ്ടിരുന്ന അജിയെയും അറസ്റ്റ് ചെയ്തത്. ചിക്കൻ സ്റ്റാളിൽ നടത്തിയ പരിശോധനയിൽ 90 കുപ്പി മദ്യം കൂടി കണ്ടെത്തി പിടിച്ചെടുത്തു.
പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ. ബിജുകുമാർ, സജികുമാർ, പ്രിവന്റീവ് ഓഫീസർമാരായ ടി. വിനോദ്, ആർ. രാജീവ്, ഹർഷകുമാർ, ഷിജു, ജെ. വിപിൻ കുമാർ എന്നിവർ പങ്കെടുത്തു. അറസ്റ്റിലായ പ്രതികളെ കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
അതേസമയം, ജൂൺ മാസത്തിൽ നടത്തിയ പരിശോധനയിൽ 27 ഗ്രാം ഹെറോയിനുമായി പശ്ചിമ ബംഗാൾ സ്വദേശിയെയും കാട്ടാക്കട എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു.