പെരിന്തല്മണ്ണ: നഗരസഭയിലെ 85 ശുചീകരണ തൊഴിലാളികളുടെ വേതന വിതരണത്തിലെ പോരായ്മകള് പരിഹരിക്കാന് ശ്രമം. ഇതിനായി ഉപസമിതി രൂപീകരിച്ചു. കഴിഞ്ഞ ജനുവരി മുതല് മേയ് വരെയുള്ള കാലയളവിലെ വേതന വിതരണത്തിലാണ് പോരായ്മയുള്ളത്. കൃത്യമായി പ്രതിഫലം ലഭിക്കുന്നില്ലെന്ന ആരോപണമാണ് തൊഴിലാളികള് ഉന്നയിക്കുന്നത്.
വ്യാപാര സ്ഥാപനങ്ങളില് നിന്നും വീടുകളില് നിന്നും പിരിക്കുന്ന തുകയില് വലിയ ഏറ്റക്കുറച്ചിലുള്ളതായും പിരിച്ചെടുക്കുന്ന സംഖ്യ മുഴുവനും തൊഴിലാളികള്ക്ക് വീതിക്കുന്നില്ലെന്നും പരാതിയുണ്ട്. ഇതിന് പരിഹാരം കാണാന് തൊഴിലാളികളുടെ പ്രതിനിധി, ചെയര്മാന്, വൈസ് ചെയര്മാന്, സെക്രട്ടറി, വാര്ഡ് കൗണ്സിലര് എന്നിവരടങ്ങുന്നതാണ് ഉപസമിതി. ഇന്നലെ ചേര്ന്ന നഗരസഭാ കൗണ്സില് യോഗത്തിലാണ് സമിതി രൂപീകരിച്ചത്.
പിരിച്ചെടുക്കുന്ന സംഖ്യ അതാത് ദിവസം ബാങ്കില് നിക്ഷേപിക്കാനും വേര്തിരിച്ച മാലിന്യം വില്ക്കുന്നത് വഴി ലഭിക്കുന്ന തുക ചേര്ത്ത് വേതന വിതരണം നടത്താനും തീരുമാനമായി. മാസം തോറും ഉപസമിതി അംഗങ്ങള് ബാങ്ക് അക്കൗണ്ട് പരിശോധിച്ച് ഇക്കാര്യങ്ങള് വിലയിരുത്തും. ജൂണ് മുതലാണ് ഉപസമിതിയുടെ പ്രവര്ത്തനവും പരിശോധനയും.
ജൂണില് എല്ലാ തൊഴിലാളികള്ക്കും 5000 രൂപ അഡ്വാന്സും നല്കിയിട്ടുണ്ട്. ജനുവരി മുതല് മേയ് വരെയുള്ള കണക്കുകള് വിശദമായി പരിശോധിക്കാനും തീരുമാനിച്ചതായി വൈസ് ചെയര്മാന് എം.ബി. ഫസല് മുഹമ്മദ് അറിയിച്ചു. പ്രതിപക്ഷ നേതാവ് 35 -ാം വാര്ഡ് കൗണ്സിലര് വി. രാഹുലാണ് വിഷയം കൗണ്സിലില് ഉന്നയിച്ചത്. ചെയര്പേഴ്സണ് പച്ചീരി സുരയ്യ അധ്യക്ഷത വഹിച്ചു.
Tags : nattu vishesham Inadequacy in salary distribution