കൊച്ചി: ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ പെരുകുമ്പോഴും പരിശോധനകളില്ലാതെ ഭക്ഷ്യസുരക്ഷാ വിഭാഗം. സംസ്ഥാന തലത്തില്‍ 140 സ്ക്വാഡുകള്‍ കഴിഞ്ഞ രണ്ടാഴ്ച മുമ്പ് പരിശോധനകള്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ജില്ലയില്‍ പരിശോധനകള്‍ പേരിന് മാത്രമാണ്.
വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, കാന്റീന്, ജ്യൂസ് കടകള്‍ എന്നിവിടങ്ങളില്‍ പരിശോധനകള്‍ നടത്താനാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പദ്ധതിയിട്ടിരുന്നത്.
കൊച്ചി നഗരത്തിലടക്കം പകര്‍ച്ച വ്യാധികള്‍ പെരുകുമ്പോഴും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന പല സ്ഥാപനങ്ങളും ഇപ്പോഴും അതേപടി പ്രവര്‍ത്തനം തുടരുന്നു.
പഴകിയ ഭക്ഷണം, അഴുകിയ പഴവര്‍ഗങ്ങള്‍, വൃത്തിഹീനമായ സാഹചര്യത്തില്‍ നിര്‍മിക്കുന്ന ഐസ് തുടങ്ങിയ പിടികൂടി നശിപ്പിക്കാനാണ് പരിശോധന ലക്ഷ്യമിടുന്നത്. തിരക്കേറിയ എറണാകുളം നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്റ്റേഷന് പരിസരങ്ങളിലെ ഒട്ടുമിക്ക കടകളും മഴക്കാലം ആരംഭിച്ചതോടെ വൃത്തിഹീനമായി.
കഴിഞ്ഞ ദിവസം നോര്‍ത്തിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവതിയെ കടയ്ക്കുള്ളില്‍ വച്ച് പൂച്ച മാന്തിയ സംഭവവും ഉണ്ടായി. നടപ്പാതകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കടകള്‍ക്കുള്ളിലേക്ക് കാനയില്‍ നിന്ന് എലി കയറുന്നതും പതിവു കാഴ്ചയാണ്. വൃത്തിഹീനമായ സാഹചര്യം ഒഴിവാക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ഉപയോക്താക്കളുടെ ആവശ്യം.
ഒരു നിയോജകമണ്ഡലത്തിന് ഒരു ഫുഡ് സേഫ്റ്റി ഓഫീസര്‍ എന്നതാണ് കണക്ക്. എന്നാല്‍ ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഫുഡ്സേഫ്റ്റി ഓഫീസര്മാരില്ലെന്നത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തന്നെ രേഖകളില്‍ വ്യക്തമാക്കുന്നു. കൃത്യമായ ഇടവേളകളില്‍ ആരോഗ്യ വിഭാഗം നടത്തേണ്ട സുരക്ഷാ പരിശോധനകള്‍ പലപ്പോഴും നടക്കാറില്ല.
ഗുരുതരമായ നിയമലംഘനങ്ങള്‍ ശ്രദ്ധയില്പ്പെട്ടാല്പ്പോലും പിഴ ചുമത്തലിൽ മാത്രം നടപടി ഒതുങ്ങുന്നു. പലരും തുക വേഗമടച്ച് കട പഴയപടി തുറന്നു പ്രവര്‍ത്തിക്കുന്ന സംഭവങ്ങളും സ്ഥിരം കാഴ്ചയാണ്.
Tags : Local News Nattuvishesham Ernakulam