കൊല്ലം: കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗീകാരമില്ലാത്ത വയോജന കേന്ദ്രങ്ങള്‍ക്കും അഭയ കേന്ദ്രങ്ങള്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയതായി വയോജന കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ. സോമപ്രസാദ്.
അന്തേവാസികള്‍ പീഡനത്തിനിരയായ തെന്മലയിലെ പുനര്‍ജനി അഭയകേന്ദ്രം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമപ്രകാരമുള്ള നടപടികളൊന്നും പാലിക്കാതെയാണ് 2018 മുതല്‍ സ്ഥാപനം പ്രവര്‍ത്തിച്ചു വന്നത്. പീഡനത്തിന് വിധേയരായ അന്തേവാസികള്‍ സാമ്പത്തിക ചൂഷണത്തിനും ഇരയായിട്ടുണ്ട്.
ഇക്കാര്യങ്ങളെല്ലാം വളരെ വിശദമായി ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിക്കും. പോലീസിനോടും പഞ്ചായത്ത് അധികാരികളോടും ആരോഗ്യവകുപ്പിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷനംഗം കെ.എന്‍.കെ. നമ്പൂതിരിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
തെളിവെടുപ്പ് നടത്തി
കൊല്ലം: അന്തേവാസികളായ വയോജനങ്ങള്‍ക്കെതിരെ അതിക്രമം നടന്ന വയോജന കേന്ദ്രത്തില്‍ സംസ്ഥാന വയോജന കമ്മിഷന് ചെയര്മാന് പ്രസാദും അംഗം കെ.എന്‍.കെ നമ്പൂതിരിയും സന്ദര്‍ശനം നടത്തി.
പുനലൂര്‍ വെള്ളിമല ക്ഷേത്ര ഗിരിയില്‍ പ്രവര്‍ത്തിക്കുന്ന അഭയ കേന്ദ്രത്തില്‍ വയോജനങ്ങള്‍ക്ക് അതിക്രമം നടന്നത് കഴിഞ്ഞ ദിവസമാണ് പുറംലോകം അറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് അഭയ കേന്ദ്രം നടത്തിപ്പുകാരനെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വയോജന കമ്മീഷന് ചെയര്‍മാനും അംഗവും സന്ദര്‍ശനം നടത്തിയത്.
ഇന്നലെ രാവിലെ അഭയ കേന്ദ്രത്തില്‍ എത്തിയ ഇവര്‍ അന്തേവാസികളോടും ജീവനക്കാരോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് അഭയ കേന്ദ്രത്തിലെ 13 അന്തേവാസികളെയും പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റി. ഇതിനിടെ അറസ്റ്റിലായ ബ്രഹ്മദാസിന്റെ മകളും ബന്ധുക്കളും അവിടെ എത്തിയിരുന്നു.
ഇവിടെനിന്ന് സാധനങ്ങള്‍ മാറ്റി തെളിവ് നശിപ്പിക്കാനാണെന്ന് ആരോപിച്ച് നാട്ടുകാരും ജനപ്രതിനിധികളും അവരെ തടയുകയും തുടര്‍ന്ന് വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.
മാധ്യമപ്രവര്‍ത്തകരോടും നാട്ടുകാരോടും ബന്ധുക്കള്‍ തട്ടിക്കയറി. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
Tags : Local News Nattuvishesham Kollam