വിഴിഞ്ഞം: കഴിഞ്ഞ വർഷം ഡിസംബർ ഒൻപതിന് ഉച്ചക്ക് പന്ത്രണ്ടോടെ വിഴിഞ്ഞം ഫയർ സ്റ്റേഷനിലേക്ക് ഒരുവിളി വന്നു. കാക്കാമൂല കണ്ണംകുഴിയിൽ കാൽവഴുതി കിണറ്റിൽ വീണ വൃദ്ധയെ രക്ഷിക്കണം. വിളിവന്നപാടെ സ്റ്റേഷൻ ഓഫീസറുടെ മേൽനോട്ടത്തിലുള്ള ഫയർ ഫോഴ്സ് സംഘം വീട് ലക്ഷ്യമാക്കി പറഞ്ഞു. സ്ഥലത്ത് എത്തിയ സംഘം കണ്ടത് റിങ്ങുകളിറക്കാത്ത കഷ്ടിച്ച് നാലടി മാത്രം വീതിയുള്ള എഴുപതടിയോളം താഴ്ചയുള്ള കിണർ. വായു സഞ്ചാരം കുറഞ്ഞ കിണറിനുള്ളിൽ അകപ്പെട്ട 75 വയസുകാരിയായ ശ്യാമളയെന്ന വൃദ്ധ ജീവനു വേണ്ടിപ്പിടയുകയാണ്.
വീഴ്ചയിൽ കാലിന് പരിക്കേറ്റ് അവശയായ ശ്യാമള കച്ചിത്തുരുമ്പായി പിടിച്ചിരിക്കുന്ന മൺതൊടികൾ വെള്ളം നനഞ്ഞ് പൊടിഞ്ഞ് തുടങ്ങി. ഏതു നിമിഷവും താഴ്ന്നുപോയി ജീവൻ അപകടത്തിലാകാമെന്ന വൃദ്ധയുടെ ദയനീയാവസ്ഥ മനസിലാക്കിയ ഫയർഫോഴ്സ് സംഘംഒരു നിമിഷം പോലും പാഴാക്കാൻ തയാറായില്ല.
കിണറപകടങ്ങളിൽ നിന്ന് നിരവധിപേരെ ജീവിതത്തിലേക്ക് കൈ പിടിച്ചുയത്തി കഴിവ് തെളിയിച്ചിട്ടുള്ള ഗ്രേഡ് സീനിയർ ഫയർമാൻ ജെ. സന്തോഷ്കുമാറാണ് സ്വന്തം ജീവൻ പണയം വച്ചുള്ള ആ ദൗത്യം ഏറ്റെടുത്ത് വിജയിപ്പിച്ചത്. ഫയർഫോഴ്സ് എന്ന ദുരന്ത നിവാരണ സേനയിലെ 13 വർഷത്തെ ഔദ്യാഗികജീവിതത്തിനിടയിൽ സന്തോഷ്കുമാറിന്റെ കൈകളാൽ മരണത്തിന്റെ നിലയില്ലാക്കയത്തിൽ നിന്ന് പുതുജീവിതത്തിലേക്ക് തിരിച്ച് വരാൻ കഴിഞ്ഞവർ ഒട്ടനവധിയുണ്ട്.
സ്വന്തോഷ്കുമാറിനെതേടി ഇപ്പോൾ സ്വന്തം വകുപ്പുവകഅംഗീകാരവുമെത്തി. അധികൃതർ സന്തോഷ് കുമാറിനെ ബാഡ്ജ് ഓഫ് ഓണർ നൽകി ആദരിച്ചു. കേരളത്തിൽ നിന്ന് അംഗീകരിക്കപ്പെട്ട 23 പേരിൽ ഒരാളാകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് സന്തോഷ്. ഇതിനോടകം മുന്നൂറിലധികംപേർ സന്തോഷിന്റെ ശിഷ്യത്വം സ്വീകരിച്ച് പരിശീലനം പൂർത്തിയാക്കി.
രക്ഷാപ്രവർത്തിന് മാത്രമല്ല, കിണറിൽ അകപ്പെട്ട് ജീവൻ നഷ്ടമായവരെ പുറത്തെടുക്കുന്ന കാര്യത്തിലും സന്തോഷിനു മടിയില്ല. ആഴവും അപകടം നിറഞ്ഞതുമായ കിണറുകളിൽ ഇറങ്ങി മൃതദേഹങ്ങൾ പുറത്തെടുക്കാൻ പലരും സന്തോഷിനു മടിയില്ല.
Tags : Local News Nattuvishesham Thiruvananthapuram