മുളക്കുഴ, കാരയ്ക്കാട് മുരുക ഭവനത്തില്‍ അമ്പിളിയെ ഗാന്ധിഭവന് ഏറ്റെടുക്കുന്നു.
പത്തനാപുരം: ജീവിതത്തിന്റെ കനത്ത പരീക്ഷണങ്ങള്‍ക്കിടയില്‍ തളര്‍ന്നുപോയ മുളക്കുഴ, കാരയ്ക്കാട് മുരുക ഭവനത്തില്‍ അമ്പിളി (49)യ്ക്ക് ആശ്വാസത്തിന്റെ കരുതലൊരുക്കി ഗാന്ധിഭവന്.
ഏഴ് വര്‍ഷം മുന്‍പ് ഒരു മഴക്കാലത്ത് തെന്നിവീണതിനെ തുടര്‍ന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ട അമ്പിളി പിന്നീട് ശരീരം തളര്‍ന്ന് കിടപ്പിലാകുകയായിരുന്നു. ഇതിനിടെ അമ്പിളിക്ക് പരിചരണം നല്‍കിവന്ന ഭര്‍ത്താവ് രാധാകൃഷ്ണനും വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായി.
അതോടൊപ്പം കരള്‍ രോഗവും ബാധിച്ചതിനാല്‍ അദ്ദേഹത്തിനും സ്വയം ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയായി.
22, 20, 15 വയസുള്ള മൂന്ന് ആണ്മക്കളാണ് ഈ ദമ്പതികള്‍ക്കുള്ളത്. സാമ്പത്തിക പ്രതിസന്ധിമൂലം മൂത്ത രണ്ട് മക്കള്‍ക്കും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് മരപ്പണിക്ക് പോകേണ്ടി വന്നു.
ഇളയമകന് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് നില്‍ക്കുകയാണ്. കിടപ്പുരോഗികളായ അച്ഛനെയും അമ്മയെയും ഒരുമിച്ച് സംരക്ഷിക്കാനുള്ള കുട്ടികളുടെ പ്രയാസം പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധയില്‍പെട്ടു.
സ്വന്തമായി വീടില്ലാത്തതിനാല്‍ കുടുംബ വീട്ടില്‍ കഴിഞ്ഞിരുന്ന അമ്പിളിയുടെ ദയനീയാവസ്ഥ വാര്‍ഡ് മെമ്പര്‍ രമണിക സന്തോഷ,് മുന്‍ മന്ത്രി സജി ചെറിയാന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും അദ്ദേഹത്തിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഗാന്ധിഭവന് ഇടപെടുകയും കഴിഞ്ഞ ദിവസം ഏറ്റെടുക്കുകയുമായിരുന്നു.
ആവശ്യമായ എല്ലാ ചികിത്സാ പരിചരണങ്ങളും നല്കി അമ്പിളിയെ പുതുജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന് ഗാന്ധിഭവന് സ്ഥാപകന്‍ പുനലൂര്‍ സോമരാജന് പറഞ്ഞു. സ്വന്തമായി ഒരു വീട് വച്ചശേഷം അമ്മയെ തിരികെ കൂട്ടിക്കൊണ്ടുപോകണമെന്നാണ് മക്കളുടെയും ആഗ്രഹം.
Tags : Local News Nattuvishesham Kollam