പാടത്ത് തീറ്റ തേടുന്ന താറാവുകൂട്ടം.
മാനന്തവാടി:പുഞ്ചക്കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ താറാവുകൂട്ടങ്ങളുമായി തന്പടിക്കുകയാണ് താറാവ് കർഷകർ. താറാവുകൾ കൂട്ടത്തോടെ തീറ്റ തേടുന്നത് കൗതുകക്കഴ്ചയാകുന്നതിനൊപ്പം പ്രകൃതിദത്ത കീടനിയന്ത്രണത്തിനും വഴിയൊരുങ്ങുകയാണ്.
താന്നിക്കൽ വേമം ഉൾപ്പെടെ പാടശേഖരങ്ങളിലാണ് കൊയ്ത്ത് കഴിഞ്ഞതോടെ താറാവുകളുമായി കർഷകർ എത്തിത്തുടങ്ങിയത്. ആയിരക്കണക്കിന് താറാവുകളാണ് പാടങ്ങളിൽ തീറ്റ തേടുന്നത്. കൊയ്ത്തുയന്ത്രങ്ങളിൽനിന്ന് വീണ നെൻമണികളും ചെറുകീടങ്ങളും ഇവയുടെ ആഹാരമാണ്.
പാലക്കാട്, തൃശൂർ തുടങ്ങിയ പ്രദേശങ്ങളിലെ കർഷകരാണ് താറാവുകളുമായി ജില്ലയിൽ എത്തിയത്. പാടങ്ങളിൽ താറാവുകൾ ഇറങ്ങുന്നത് അടുത്ത കൃഷിക്ക് ഒരുങ്ങുന്ന നെൽക്കർഷകർക്കും ഗുണകരമാണ്.
താറാവുകൾ കീടങ്ങളെ തിന്നുതീർക്കുന്നത് പ്രകൃതിദത്ത കീടനിയന്ത്രണത്തിന് സഹായകമാണ്. താറാവുകളുടെ കാഷ്ഠം പാടങ്ങളിൽ മികച്ച ജൈവവളമായി മാറുകയും ചെയ്യും. നഞ്ചക്കൃഷി ഇറക്കുന്നതുവരെ താറാവുകളുമായി മേഖയിലുണ്ടാകുമെന്നാണ് കർഷകർ പറയുന്നത്.
Tags : Local News Nattuvishesham Wayanad