ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷനിൽ നിർമിച്ച മേൽപ്പാലം നിർമാണ കരാറുകാരായ മേഘ കൺസ്ട്രക്ഷൻസിലെ എൻജിനിയർമാർ പരിശോധിക്കുന്നു
കാഞ്ഞങ്ങാട്: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷനിൽ നിർമിച്ച മേൽപ്പാലത്തിന്റെ കിഴക്കുവശത്തെ തൂണുകൾക്ക് ഉയരക്കുറവെന്ന് പരാതി. ചരക്കുലോറികളും ടൂറിസ്റ്റ് ബസുകളുമുൾപ്പെടെയുള്ള ഉയരക്കൂടുതലുള്ള വാഹനങ്ങൾ കിഴക്കുവശത്തെ സർവീസ് റോഡിലൂടെ കടന്നുപോകുമ്പോൾ തൂണുകൾക്ക് മുകളിലുള്ള ബീമുകളിൽ തട്ടുന്നതായി നാട്ടുകാരും ഡ്രൈവർമാരും ചൂണ്ടിക്കാട്ടുന്നു. അതേസമയം, പടിഞ്ഞാറുവശത്തെ സർവീസ് റോഡിൽ ഈ പ്രശ്നമില്ല.
മേൽപ്പാലത്തിന്റെ കിഴക്കുവശത്തെയും പടിഞ്ഞാറുവശത്തെയും തൂണുകൾ തമ്മിലുള്ള ഉയരവ്യത്യാസം പ്രകടമായിത്തന്നെ കാണുന്നുണ്ട്. ഈ മേൽപ്പാലത്തിന്റെ രൂപരേഖ പ്രകാരം അങ്ങനെ തന്നെയാണ് വേണ്ടതെന്നാണ് നിർമാണ കരാറുകാരായ മേഘ കൺസ്ട്രക്ഷൻസിലെ എൻജിനിയർമാരുടെ വിശദീകരണം.
പരാതികൾ ഉയർന്നതിനെ തുടർന്ന് കമ്പനിയിൽ നിന്നുള്ള എൻജിനിയർമാർ കഴിഞ്ഞദിവസം വീണ്ടും സ്ഥലത്തെത്തി പരിശോധന നടത്തി. ഇവിടെ സർവീസ് റോഡിന് വീതി കുറവായതിനാലാണ് വലിയ വാഹനങ്ങളുടെ മുകൾഭാഗം ബീമുകളിൽ തട്ടുന്നതെന്നാണ് അവരുടെ വിശദീകരണം. എന്നാൽ, ഇവിടെ ഇനി സർവീസ് റോഡിനു വീതി കൂട്ടണമെങ്കിൽ കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്ന നിലയാണ്. സർവീസ് റോഡിന്റെ വശത്തുള്ള ഓവുചാലിനും സ്ലാബിനും സർവീസ് റോഡുമായി ഉയരവ്യത്യാസമുണ്ട്. ഈ ഉയരവ്യത്യാസമെങ്കിലും പരിഹരിച്ചാൽ മാത്രമേ വലിയ വാഹനങ്ങൾക്ക് ബീമുകളിൽ തട്ടാതെ കഷ്ടിച്ചെങ്കിലും കടന്നുപോകാൻ കഴിയൂ. ഇതിനായി ഓവുചാലിന്റെ ഒരു ഭാഗം പൊളിച്ച് പുനർനിർമിക്കാനാണ് ഇപ്പോഴത്തെ നീക്കം.
അതേസമയം, തൂണുകളുടെ ഉയരവ്യത്യാസം ഈ സ്ഥലത്തെ ഭൂമിയുടെ കിടപ്പും മേൽപ്പാലത്തിന്റെ ആകൃതിയും പ്രകാരം സാങ്കേതികമായി നിർണയിച്ചതാണെന്നും മേൽപ്പാലത്തിന്റെ ഉറപ്പിന് അങ്ങനെ തന്നെയാണ് വേണ്ടതെന്നുമാണ് കമ്പനിയുടെ എൻജിനിയർമാർ പറയുന്നത്.