മണ്ണാര്‍ക്കാട്: പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും കുസാറ്റും സംയുക്തമായി നടപ്പിലാക്കുന്ന സ്ട്രീം എക്കോസിസ്റ്റം പദ്ധതിയുടെ ഭാഗമായി അപ്പർ പ്രൈമറി വിദ്യാലയങ്ങൾക്കായുള്ള സ്റ്റാർസ് ഇന്റഗ്രേറ്റഡ് ലാബിന്റെ രണ്ടാംഘട്ട വിതരണം തെങ്കര ബിആർസിയിൽ നടത്തി.
തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീന ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ വിജീഷ് അധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് മെംബർ ഗിരീഷ് ഗുപ്ത വിദ്യാലയങ്ങൾക്കുള്ള ഇന്റഗ്രേറ്റഡ് ലാബ് കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസർ പി.എസ്. ഷാജി പദ്ധതി വിശദീകരണം നടത്തി. ബിആർസി സ്റ്റാഫ് സെക്രട്ടറി ശ്രുതി, ഐ ലാബ് ഇൻചാർജ് അമൃത, മണ്ണാർക്കാട് ബിആർസി ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.കെ. മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.
5, 6, 7 ക്ലാസുകളിലെ പഠനപ്രവർത്തനങ്ങൾക്ക് ആവശ്യമായ വിവിധ ലാബ് ഉപകരണങ്ങളാണ് വിദ്യാലയങ്ങൾക്ക് വിതരണം ചെയ്യുന്നത്. മണ്ണാർക്കാട് ബിആർസി പരിധിയിലെ 12 വിദ്യാലയങ്ങളിൽ സൗകര്യം ലഭ്യമാകും.