ഡോ. തോമസ് വില്യം ഗാനകൗതുകം അവതരിപ്പിക്കുന്നു.
കൊല്ലം: ചലച്ചിത്ര ഗാനങ്ങളുടെ ഹൃദയത്തിലേക്കും കാവ്യഭംഗിയിലേക്കും ആഴത്തിലുള്ള ഒരു പഠനം നടത്തുന്ന ഗാനകൗതുകം പ്രോഗ്രാം റേഡിയോയിൽ തേൻമഴയായി പെയ്തിറങ്ങുന്നു. കമ്മ്യൂണിറ്റി റേഡിയോ ബെൻസിഗർ 107.8.ൽ നിറയുന്ന ഗാനകൗതുകത്തിലൂടെ കൊല്ലം മുണ്ടയ്ക്കൽ പണിക്കവീട്ടിൽ ഡോ. തോമസ് വില്യമാണ് കൗതുകവും അറിവും അസ്വാദനഭംഗിയുമൊരുക്കി പ്രോഗ്രാം അവതരിപ്പിക്കുന്നത്. 350 എപ്പിസോഡിലേക്കു കടന്നിരിക്കുന്ന പരിപാടി ആസ്വാദകരെ ആകർഷിച്ചു മുന്നോട്ടു കുതിക്കുകയാണ്. ബുധനാഴ്ച വൈകുന്നേരം 4.30നാണ് പരിപാടി.
ഇത് വ്യാഴാഴ്ച രാവിലെ 11.15ന് സംപ്രേഷണം ചെയ്യുന്നുണ്ട്. സിനിമ ഗാനങ്ങളുടെ പിന്നിലുള്ള കൗതുകം, ചരിത്രം, ഓർമകൾ എല്ലാം ഈ പരിപാടിയിലൂടെ ഡോ. തോമസ് ജനങ്ങളുടെ മുന്നിലെത്തിക്കുന്നു. റേഡിയോ ബെൻസിഗർ ഡയറക്ടർ മോൺ. ഫെർഡിനാൻഡ് പീറ്ററിന്റെ ശക്തമായപിന്തുണയിൽ തുടങ്ങിയ പരിപാടി ജനം ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
ഡോ. തോമസ് വില്യം ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലെങ്കിലും മികച്ച ഗായകനായി പേരെടുത്ത ആളാണ്. മെഡിക്കൽ രംഗത്തു നൂതനസാങ്കേതിതത്വം പരീക്ഷിക്കപ്പെടുന്നതുപോലെ സംഗീതത്തിലും പരീക്ഷണകാലഘട്ടത്തിലൂടെയാണ് ഡോക്ടറിന്റെ യാത്ര. സംഗീതത്തെ കുറിച്ചുള്ള ആഴത്തിലുള്ള പഠനവും ആലാപനശൈലിയും അദ്ദേഹത്തെ വേറിട്ടുനിർത്തുന്നു. കൊല്ലം സെന്റ് ആന്റണി എൽപി സ്കൂളിലും സെന്റ് അലോഷ്യസിലും സ്കൂൾപഠനം കഴിഞ്ഞു ഫാത്തിമമാതാ കോളജിലും പഠിച്ചശേഷം ബാംഗളൂർ സെന്റ്ജോൺസിൽനിന്നും എംബിബിഎസ് പാസായത്.
രണ്ടുവർഷം ബംഗളൂരു സിഎസ്ഐ ആശുപത്രിയിലും എട്ടുവർഷക്കാലം ജർമനിയിലും അഞ്ചുവർഷം നൈജീരിയിലും സേവനം ചെയ്തശേഷം നാട്ടിലെത്തി കൊല്ലം ബെൻസിഗർ ആശുപത്രിയിൽ 31 വർഷക്കാലം സേവനം ചെയ്തു. ഇപ്പോൾ വിശ്രമജീവിതമാണ് നയിക്കുന്നതെന്നു പറയുമെങ്കിലും സംഗീതത്തിലും വായനയിലും ഒട്ടും വിശ്രമമില്ല. സംഗീതത്തെ ആഴത്തിലറിയാനുള്ള യാത്രയ്ക്കിടയിൽ വിശ്രമിക്കാൻ സമയം കിട്ടാറില്ലെന്നതാണ് സത്യം.
പഠനകാലത്ത് തോമസ് വില്യമിന്റെ സംഗീതമില്ലാത്ത പ്രോഗ്രാമുകൾ സെന്റ് ജോൺസിൽ ഉണ്ടായിട്ടില്ല. എല്ലാ ഭാഷകളിലും ഒരേ രീതിയിൽ ഗാനമാലപിക്കാനുള്ള കഴിവാണ് ഡോക്ടറെ വേറിട്ടുനിർത്തുന്നത്. ഐഎംഎയിലും ഐഎപിയിലും നിത്യസാന്നിധ്യമായി മാറി. ഐഎപിയുടെ കൊല്ലം ജില്ലയിലെ സ്ഥാപക ട്രഷറാണ് ഡോക്ടർ. സുഹൃത്തായ പ്രഫ. ജേക്കബിന്റെ നിർബന്ധത്തിലാണ് റേഡിയോയിലേക്കു കടന്നു വരുന്നത്.
ഡയറക്ടറച്ചന്റെ നിർദേശങ്ങളും പിന്തുണയും മുതൽകൂട്ടായിമാറി. രവിമേനോന്റെ സംഗീതത്തെ കുറിച്ചുള്ള പുസ്തകങ്ങളാണ് ഏറ്റവും പ്രചോദനമായത്. കൂടാതെ വായനയെ ആഴത്തിൽ ബന്ധപ്പെടുന്ന ഡോക്ടറിനു ഒരു ലൈബ്രറി തന്നെയുണ്ട്. ഓരോ ചലച്ചിത്രഗാനങ്ങളിലും ഒളിച്ചിരിക്കുന്ന കൗതുകങ്ങൾ, ചരിത്രം, സംഭവങ്ങൾ എല്ലാം റിസർച്ച് ചെയ്ത് പഠിച്ചാണ് ഡോക്ടർ അവതരിപ്പിക്കുന്നത്.
കൂടാതെ പാട്ടുകളെ പരിചയപ്പെടുത്തുന്പോൾ തന്നെ പിന്നിലുള്ള കഥകൾ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നു. ഇതുകൂടാതെ കൊച്ചുമകൾ നിമിഷയും ചേർന്നു എല്ലാദിവസവും രാവിലെ 9.15നും വൈകുന്നേരം 6.15നും വേഡ് ഓഫ് ദ ഡേ എന്ന പരിപാടി അവതരിപ്പിക്കുന്നു. ഇതിൽ ദിവസം ഒരു ഇംഗ്ലീഷ് വാക്ക്, അതിന്റെ അർഥം, ഉച്ചാരണം തുടങ്ങിയവ ജനങ്ങളിലേക്കു പകരുന്നു. ഭാര്യ സൂസി തോമസ്. മകൾ ഫാത്തിമ മാതാ കോളജിലെ അസി. പ്രഫസർ നിഷ തോമസും പിന്തുണ നൽകി കൂടെയുണ്ട്. മകൻ മനോജ് തോമസ് അമേരിക്കയിലാണ്.
Tags : Local News Nattuvishesham Kollam