അങ്കമാലിയിൽ സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷനും ഡിമൻഷ്യ ഇന്ത്യ അലയൻസും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ശില്പശാല ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്യുന്നു.
അങ്കമാലി: ഡിമെൻഷ്യ രോഗികളുടെ പുനരധിവാസത്തിനായി സാമൂഹ്യ പ്രവർത്തകർ സജീവമായി മുന്നോട്ടുവരണമെന്നും വീടുകളിൽ ഒറ്റപ്പെട്ടുപോകുന്നവർക്ക് ആവശ്യമായ സാമൂഹ്യ പിന്തുണ ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ബെന്നി ബെഹനാൻ എംപി അഭിപ്രായപ്പെട്ടു.
സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷനും ഡിമെൻഷ്യ ഇന്ത്യ അലയൻസും സംയുക്തമായി സംഘടിപ്പിച്ച ഡിമെൻഷ്യ പരിചരണവും മാനേജ്മെന്റും സമൂഹാധിഷ്ഠിത ഡിമെൻഷ്യ പരിശോധനയും ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷൻ അങ്കമാലി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ട്രസ്റ്റി ഡോ. സെമിച്ചൻ ജോസഫ് അധ്യക്ഷത വഹിച്ചു. കാക്കനാട് രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസ് സോഷ്യൽ വർക്ക് വിഭാഗം കോ-ഓർഡിനേറ്റർ ഡോ. സ്മിജോ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ഡിമെൻഷ്യ ഇന്ത്യ അലയൻസ് ട്രെയിനർ ഡോ. കെ. ജെ. പ്രിയ റോസ് അനുബന്ധ വിഷയത്തിൽ പരിശീലന സെഷൻ നയിച്ചു. മാനേജിംഗ് ട്രസ്റ്റി ഡാലിൻ സയസ് , മരിയ ബെന്നി, കെ.ജെ. സാന്ദ്ര എന്നിവർ പ്രസംഗിച്ചു. എറണാകുളം സെന്റ് ആൽബർട്ട്സ്, കാക്കനാട് രാജഗിരി, പൊങ്ങം നൈപുണ്യ, തൃക്കാക്കര കെഎംഎം കോളജുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സോഷ്യൽ വർക്ക് വിദ്യാർഥികളും നിരവധി സാമൂഹ്യപ്രവർത്തകരും ശില്പശാലയിൽ പങ്കെടുത്തു.
Tags : Nattuvishesham DistrictNews