ഭക്ഷണനിർമാണശാലയുടെ വൃത്തിഹീനമായ അടുക്കള.
നെടുങ്കണ്ടം: ടൗണിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഭക്ഷ്യോത്പന്ന നിർമാണ സ്ഥാപനം ആരോഗ്യവകുപ്പ് അധികൃതർ അടച്ചുപൂട്ടിച്ചു. കോടതിക്ക് എതിർവശത്തുള്ള വാണിജ്യകെട്ടിടത്തിന്റെ ഭൂഗർഭ നിലയിലാണ് അനധികൃതമായി ബോർമ പ്രവർത്തിച്ചിരുന്നത്.
പരിപ്പുവട, ഉഴുന്നുവട, സമൂസ, ചിപ്സ്, പത്തിരി തുടങ്ങിയ പലഹാരങ്ങൾ ഇതര സംസ്ഥാന തൊഴിലാളികൾ തീർത്തും അനാരോഗ്യകരമായ സാഹചര്യത്തിൽ ഇവിടെ പാചകം ചെയ്യുന്നതായി പരിശോധനയിൽ കണ്ടെത്തി.
പാചകത്തിന് ഉപയോഗിച്ചിരുന്ന എണ്ണ കറുത്ത നിറത്തിലായിരുന്നുവെന്നും സമൂസയുടെ പുറംചട്ടയിൽ ഫംഗസ് ബാധ കണ്ടെത്തിയെന്നും ആരോഗ്യവകുപ്പധികൃതർ അറിയിച്ചു. ഫ്രിഡ്ജിലും ഭക്ഷ്യവസ്തുക്കൾ അനാരോഗ്യകരമായ രീതിയിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ഇവിടെ നിർമിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ടൗണിലെ വിവിധ ഹോട്ടലുകൾ, ലഘുഭക്ഷണശാലകൾ, ബേക്കറികൾ എന്നിവിടങ്ങളിലേക്ക് വിതരണം ചെയ്യുന്നതായും തൊഴിലാളികളിൽനിന്ന് വിവരം ലഭിച്ചു.
തൊഴിലാളികൾക്ക് ഹെൽത്ത് കാർഡുകളോ സ്ഥാപനത്തിന് പഞ്ചായത്തിന്റെയോ ആരോഗ്യവകുപ്പിന്റെയോ പ്രവർത്തനാനുമതി രേഖകളോ ഹാജരാക്കാൻ കഴിഞ്ഞില്ല. കെട്ടിടത്തിന്റെ മുൻഭാഗത്ത് അഭിഭാഷകന്റെ ബോർഡ് പ്രദർശിപ്പിച്ചിരുന്നതായും മുൻവാതിൽ താഴിട്ട് പൂട്ടിയ നിലയിലായിരുന്നുവെന്നും അധികൃതർ പറഞ്ഞു.
ആരോഗ്യപ്രവർത്തകർ പിൻവാതിലിലൂടെയാണ് സ്ഥാപനത്തിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നൽകുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. തുടർ നിയമ നടപടികൾക്കായി പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു.
ഹെൽത്തി കേരള ടീമിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എഫ്എച്ച്സി കെപി കോളനി മെഡിക്കൽ ഓഫീസർ ഡോ. വി.കെ. പ്രശാന്ത്, ഹെൽത്ത് ഇൻസ്പെക്ടർ അരുൺകുമാർ, ജെഎച്ച്ഐമാരായ സന്തോഷ്, മഞ്ജു, ജെജി എന്നിവർ പങ്കെടുത്തു.
Tags : Local News Nattuvishesham cook