കോന്നി: തീപാറുന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കോന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി കെ.യു. ജനീഷ് കുമാർ വിജയക്കൊടി പാറിച്ചു. വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും ലീഡ് നില മാറിമറിഞ്ഞ, അങ്ങേയറ്റം നാടകീയമായ മത്സരത്തിനൊടുവിൽ യുഡിഎഫിന്റെ പ്രഫ. സതീഷ് കൊച്ചുപറമ്പിലിനെ 1838 വോട്ടുകൾക്കാണ് ജനീഷ് കുമാർ പരാജയപ്പെടുത്തിയത്. അവസാന വോട്ടെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കെ.യു. ജനീഷ് കുമാറിന് 60,380 വോട്ടുകളും പ്രഫ. സതീഷ് കൊച്ചുപറമ്പിലിന് 58,542 വോട്ടുകളും ലഭിച്ചു. എൻഡിഎ സ്ഥാനാർഥി ടി.പി. സുന്ദരേശൻ 15,278 വോട്ടുകൾ നേടിയപ്പോൾ, സ്വതന്ത്ര സ്ഥാനാർഥി വർഗീസ് ഉമ്മന് 400 വോട്ടും നോട്ടയ്ക്ക് 805 വോട്ടും ലഭിച്ചു.
വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളിൽ യുഡിഎഫ് കേന്ദ്രങ്ങളിൽ വലിയ ആവേശമാണ് പ്രകടമായത്. മൈലപ്ര പഞ്ചായത്ത് ഉൾപ്പെട്ട ഒന്നാം റൗണ്ട് പൂർത്തിയായപ്പോൾ 3825 വോട്ട് നേടിയ സതീഷ് കൊച്ചുപറമ്പിൽ 778 വോട്ടിന്റെ ലീഡ് സ്വന്തമാക്കി. രണ്ടാം റൗണ്ടിൽ യുഡിഎഫ് ലീഡ് 144 ലേക്ക് ചുരുങ്ങിയെങ്കിലും മൂന്നാം റൗണ്ടിൽ അത് 326 ആയി വീണ്ടും ഉയർന്നു. എന്നാൽ നാലാം റൗണ്ട് മുതൽ ചിത്രം മാറിത്തുടങ്ങി. സ്വന്തം നാടായ സീതത്തോട്ടിൽ എൽഡിഎഫ് സ്ഥാനാർഥി ജനീഷ് കുമാർ 14,882 വോട്ടുകൾ നേടി 512 വോട്ടിന് ആദ്യമായി മുന്നിലെത്തി. അഞ്ചാം റൗണ്ടിൽ ജനീഷ് കുമാറിന്റെ ഭൂരിപക്ഷം 2788 ലേക്ക് കുതിച്ചുകയറി. ആറാം റൗണ്ട് പിന്നിട്ടപ്പോൾ എൽഡിഎഫ് ഭൂരിപക്ഷം 3164 വോട്ടായി ഉയർത്തിയതോടെ ഇടത് ക്യാമ്പുകളിൽ ആത്മവിശ്വാസം കൂടി.
എങ്കിലും ഏഴാം റൗണ്ട് മുതൽ യുഡിഎഫ് സ്ഥാനാർഥി ശക്തമായ തിരിച്ചുവരവ് നടത്തി. 1481 ലേക്ക് താഴ്ന്ന എൽഡിഎഫ് ഭൂരിപക്ഷം എട്ടാം റൗണ്ടിൽ 851 ആയും ഒമ്പതാം റൗണ്ടിൽ വെറും 445 ആയി കുറഞ്ഞു. പത്താം റൗണ്ടിൽ ജനീഷ് കുമാറിനെ പിന്നിലാക്കി സതീഷ് കൊച്ചുപറമ്പിൽ 417 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. പതിനൊന്നാം റൗണ്ടിൽ 277 വോട്ടും പന്ത്രണ്ടാം റൗണ്ടിൽ 105 വോട്ടുമായി സതീഷ് കൊച്ചുപറമ്പിൽ മുന്നേറ്റം തുടർന്നെങ്കിലും ലീഡ് നില ഓരോ ഘട്ടത്തിലും കുറഞ്ഞുവരുന്നത് യുഡിഎഫിന് ആശങ്കയുണ്ടാക്കി.
പതിമൂന്നാം റൗണ്ടിൽ പോരാട്ടം വീണ്ടും എൽഡിഎഫിന് അനുകൂലമായി മാറി. 491 വോട്ടിന്റെ ലീഡുമായി ജനീഷ് കുമാർ വീണ്ടും മുന്നിലെത്തി. പതിനാലാം റൗണ്ടിൽ ഭൂരിപക്ഷം 1697 ലേക്ക് ഉയർത്തി അദ്ദേഹം തന്റെ ആധിപത്യം ഉറപ്പിച്ചു. പതിനഞ്ചാം റൗണ്ടിൽ ലീഡ് 1590 ആയി അല്പം കുറഞ്ഞെങ്കിലും പതിനാറാം റൗണ്ടിൽ 1875 ലേക്ക്ഉർന്നു. അവസാന ത്തെ 17-ാം റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ 1838 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കെ.യു. ജനീഷ് കുമാർ വിജയിച്ചു . അവസാന റൗണ്ട് വരെ അനിശ്ചിതത്വം നിറഞ്ഞ പോരാട്ടത്തിൽ വിജയലക്ഷ്യം പിന്തുടർന്ന ജനീഷ് കുമാർ മണ്ഡലം നിലനിർത്തി.
ജനീഷിന്റേത് ഹാട്രിക് തിളക്കം
പത്തനംതിട്ട ജില്ലയിലെ നാല് മണ്ഡലങ്ങൾ യുഡിഎഫ് തിരികെ പിടിച്ചപ്പോഴും കോന്നിയുടെ മണ്ണ് തങ്ങൾക്ക് വഴങ്ങില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് എൽഡിഎഫ് കടുത്ത പോരാട്ടത്തിനൊടുവിൽ കെ.യു. ജനീഷ് കുമാറിന് 1,838 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോന്നിയിൽ ഹാട്രിക് വിജയം.
2019 ൽ കോന്നി എംഎൽഎ ആയിരുന്ന അടൂർ പ്രകാശ് ലോക്സഭാംഗമായതോടെ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ജനീഷ് കുമാർ ആദ്യമായി നിയമസഭാംഗമാകുന്നത്. ഉപതെരഞ്ഞെടുപ്പിൽ 9,953 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പി. മോഹൻരാജ് ആയിരുന്നു യുഡി എഫ് സ്ഥാനാർഥി.
2021 ൽ ഭൂരിപക്ഷം 8,508 ആയി കുറഞ്ഞു. കോൺഗ്രസിലെ റോബിൻ പീറ്ററായിരുന്നു എതിർ സ്ഥാനാർഥി. ഇത്തവണ ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിലിന്റെ കോന്നിയിലെ സ്ഥാനാർഥിത്വവും അപ്രതീക്ഷിതമായിരുന്നു. എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടത്തി ആദ്യഘട്ട പ്രചാരണം കഴിഞ്ഞതിനുശേഷമാണ് യുഡിഎഫ് സ്ഥാനാർഥിയെ തീരുമാനിച്ചത്. കോന്നിയിൽ മത്സരമേ ഇല്ലെന്ന തരത്തിലാണ് ജനീഷ് കുമാറും ഇതിനോടു പ്രതികരിച്ചത്. എന്നാൽ പ്രചാരണം കടുത്തതോടെ യുഡിഎഫ് ശക്തമായ വെല്ലുവിളി ഉയർത്തി. എൻഡിഎയാകട്ടെ ബിഡിജെഎസിനു സീറ്റ് വിട്ടുനൽകിയതോടെ ബിജെപി വോട്ടുകൾ ഉറപ്പിക്കാനാകില്ലെന്ന സ്ഥിതിയിലുമായി. ബിജെപി വോട്ടുകൾക്കായി വിലപേശലുകൾ നടന്നുവെന്ന ആരോപണം ഇരുമുന്നണികളും നേരിട്ടു. അവസാനഫല പ്രഖ്യാപനത്തിലും ഇതു പ്രകടമാണ്.
ജില്ലയിലെ ഏക ഇടതു സാന്നിധ്യം
പത്തനംതിട്ട ജില്ലയിലെ അടൂർ, ആറന്മുള, തിരുവല്ല, റാന്നി എന്നീ മണ്ഡലങ്ങളെല്ലാം യുഡിഎഫ് തരംഗത്തിൽ കൂടെ നിന്നപ്പോഴും , കോന്നി എൽഡിഎഫിനൊപ്പം ഉറച്ചുനിന്നത് ജനീഷ് കുമാറിന്റെ വ്യക്തിപരമായ സ്വാധീനവും വികസന പ്രവർത്തനങ്ങളും കൊണ്ടാണെന്ന് സിപിഎം നേതൃത്വം വിലയിരുത്തി. എൽഡിഎഫ് സ്വാധീന മേഖലകളിൽ പലയിടത്തും വോട്ടുകൾ കുറഞ്ഞപ്പോഴും പ്രാദേശികമായി സിറ്റിംഗ് എംഎൽഎയ്ക്കുള്ള പിന്തുണ വോട്ടെടുപ്പിൽ പ്രകടമാണ്. പ്രാദേശിക വികസന വിഷയങ്ങളിൽ ജനീഷ് കുമാർ പിന്തുടർന്ന നയമാണ് തുണയായത്.
കോന്നിയുടെ വികസനത്തുടർച്ചയ്ക്കുള്ള ജനവിധിയാണ് ലഭിച്ചതെന്നും വെല്ലുവിളികൾ ഏറെയുണ്ടായെങ്കിലും മണ്ഡലത്തിലെ ഓരോ വോട്ടറും അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും കെ.യു. ജനീഷ് കുമാർ പ്രതികരിച്ചു.
Tags : nattu vishesham Janeesh Kumar wins after