മരിയൻ തീർഥാടനം ഉപ്പുതറ ഫൊറോന പള്ളിയിലേക്കു നടത്തിയപ്പോൾ.
കാഞ്ഞിരപ്പള്ളി: രൂപത സുവർണ ജൂബിലിയോടനുബന്ധിച്ച് ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ ജൂബിലി മരിയൻ തീർഥാടനം ഹൈറേഞ്ചിലെ മാതൃ ദൈവാലയമായ ഉപ്പുതറ സെന്റ് മേരീസ് ഫൊറോന പള്ളിയിലേക്കു നടത്തി. ഉപ്പുതറ വിശുദ്ധ യൂദാസ് ശ്ലീഹായുടെ കപ്പേളയിൽ നിന്ന് ആരംഭിച്ച തീർഥാടനത്തിൽ ഹൈറേഞ്ചിലെ അഞ്ച് ഫൊറോനകളിൽനിന്നുള്ള ആയിരത്തോളം മിഷൻലീഗ് കുട്ടികൾ പങ്കെടുത്തു.
ഉപ്പുതറ ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ മിഷൻലീഗ് പതാക ഉയർത്തി. കട്ടപ്പന ഫൊറോന വികാരി ഫാ. ജോസ് മംഗലത്തിൽ, മിഷൻലീഗ് രൂപത ഡയറക്ടർ ഫാ. തോമസ് വാളന്മനാൽ, ഫാ. ലിബിൻ വട്ടോത്ത് എന്നിവർ മിഷൻലീഗ് ഭാരവാഹികൾക്കു പതാക കൈമാറി ജപമാല റാലി ആരംഭിച്ചു. തുടർന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ ഉപ്പുതറ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ തീർഥാടകർക്കായി വിശുദ്ധ കുർബാന അർപ്പിച്ച് തീർഥാടന സന്ദേശം നൽകി. വിശുദ്ധിയിൽ വളർന്ന്, മാതൃകാപരമായ ജീവിതത്തിലൂടെ ദൈവമാതാവിനെ അനുകരിക്കുന്നവരാകണം മിഷനറിമാരെന്നു മാർ ജോസ് പുളിക്കൽ പറഞ്ഞു. നേർച്ചഭക്ഷണത്തോടെ തീർഥാടനം സമാപിച്ചു.
തീർഥാടനത്തിന് ഉപ്പുതറ ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ മുതുപ്പാക്കൽ, ചെറുപുഷ്പ മിഷൻലീഗ് രൂപത ഡയറക്ടർ ഫാ. തോമസ് വാളന്മനാൽ, ഫൊറോന ഡയറക്ടർമാരായ ഫാ. ജോർജ് കുഴിക്കാട്ട്, ഫാ. ലിബിൻ വട്ടോത്ത്, ഫാ. വർഗീസ് തുണ്ടത്തിൽ, ഫാ. ഇമ്മാനുവേൽ കളപ്പുരക്കൽ, ഫാ. മെൽവിൻ കളപ്പുരയ്ക്കൽ, രൂപത വൈസ് ഡയറക്ടർ സിസ്റ്റർ കൊച്ചുറാണി എസ്എച്ച്, വൈസ് ഡയറക്ടർമാർ, രൂപത പ്രസിഡന്റ് ജോബിൻ വരിക്കമാക്കൽ, രൂപത എക്സിക്യൂട്ടീവ് അംഗങ്ങൾ, ഓർഗനൈസർമാർ, ഉപ്പുതറ ഫൊറോന ഇടവകാംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
ജൂബിലി മരിയൻ തീർഥാടനം ഇന്ന്
കാഞ്ഞിരപ്പള്ളി: രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ ഇന്ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽനിന്ന് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന പള്ളിയിലേക്ക് (പഴയപള്ളി) രൂപതയിലെ ലോറേഞ്ച് മേഖലയിലുള്ള എല്ലാ പള്ളികളിലെയും ഒമ്പതാം ക്ലാസ് വിദ്യാർഥികൾ മരിയൻ തീർഥാടനം നടത്തും.
രാവിലെ 9.30ന് കത്തീഡ്രൽ പള്ളിയിൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന ജപമാല റാലി 11.30ന് പഴയപള്ളിയിൽ എത്തിച്ചേരും. തുടർന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ സന്ദേശം നൽകും. തുടർന്ന്, നേർച്ച ഭക്ഷണത്തോടുകൂടെ മരിയൻ തീർഥാടനം സമാപിക്കും.
കാഞ്ഞിരപ്പള്ളി കത്തീഡ്രൽ വികാരിയും ആർച്ച്പ്രീസ്റ്റുമായ ഫാ.ഡോ. കുര്യൻ താമരശേരി, ചെറുപുഷ്പ്പ മിഷൻ ലീഗ് രൂപത ഡയറക്ടർ ഫാ.ഡോ. തോമസ് വാളന്മനാൽ, ജോയിന്റ് ഡയറക്ടർ ഫാ.ഡോ. തോമസ് ഇലവനാമുക്കട, രൂപത എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.