കാടുപിടിച്ച് നശിക്കുന്ന കല്ലൂർക്കാട് ടെലിഫോൺ എക്സ്ചേഞ്ച് കെട്ടിടം.
കല്ലൂർക്കാട്: ടെലിഫോൺ എക്സ്ചേഞ്ച് കെട്ടിടവും പരിസരവും ഉപേക്ഷിക്കപ്പെട്ട നിലയിൽ. കല്ലൂർക്കാട് ടൗണിന്റെ ഹൃദയഭാഗത്തുള്ള ഇരുനില കെട്ടിടവും ഒരേക്കറോളമുള്ള സ്ഥലവുമാണ് അനാഥമായ നിലയിൽ നശിക്കുന്നത്.
വീടുകളിലും ഓഫീസുകളിലും ലാൻഡ് ഫോൺ സംവിധാനം കാര്യക്ഷമമായിരുന്നപ്പോൾ ഓഫീസ് സദാ തിരക്കു നിറഞ്ഞിരുന്നു. സെൽ ഫോൺ സംവിധാനമായതോടെ ലാൻഡ് ഫോണുകൾ ഉപേക്ഷിക്കപ്പെടുകയായിരുന്നു. മിക്ക എക്സ്ചേഞ്ചുകളും അടച്ചിട്ട നിലയിലാണ്. പ്രവർത്തന സജ്ജമാക്കാവുന്ന ക്വാർട്ടേഴ്സും ഇതോടനുബന്ധിച്ചുണ്ട്. കല്ലൂർക്കാട് ടൗണിലെ സർക്കാർ, പൊതു സ്ഥാപനങ്ങൾ പലതും പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള വാടകക്കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.
ഇവിടങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാർ പലരും പ്രദേശങ്ങളിലെ വാടക വീടുകളിലാണ് താമസിക്കുന്നത്. ഇതര സ്ഥലങ്ങളിലെ പൊതു സ്ഥാപനങ്ങളെ പുന: സജ്ജീകരിക്കുന്നതിനും ആവശ്യമുള്ള ജീവനക്കാർക്ക് താമസ സൗകര്യമൊരുക്കുന്നതിനും വിശാലമായ കെട്ടിടം ഉപയോഗപ്പെടുത്താവുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കാടു വളർന്നതോടെ പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യമുണ്ടാകുമെന്ന ഭീതിയും പ്രദേശവാസികൾക്കുണ്ട്. കെട്ടിടവും പരിസരവും ശുചീകരിച്ച് പുനരുപയോഗ സജ്ജമാക്കണമെന്നാണ് ആവശ്യമുയർന്നിട്ടുള്ളത്.
Tags : Local News Nattuvishesham Ernakulam