തിരുവനന്തപുരം ഓണാഘോഷത്തിന്റെ ഭാഗമായി കനകക്കുന്ന് കൊട്ടാരത്തിൽ മാർഗി ഉഷ അവതരിപ്പിച്ച വാമനാവതാരം നങ്ങ്യാർകൂത്ത്
തിരുവനന്തപുരം: ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ ആരവം പുറത്ത് തകര്‍ക്കുമ്പോള്‍ കനകക്കുന്ന് കൊട്ടാരത്തിനുള്ളിലെ അരങ്ങ് കേരളീയ കലകളാല്‍ പ്രൗഢം. യുനെസ്കോ അംഗീകരിച്ച കൂടിയാട്ടത്തില്‍ തുടങ്ങി കഥകളി, നങ്ങ്യാര്‍കൂത്ത്, ചാക്യാര്‍ക്കൂത്ത്, അക്ഷരശ്ലോക സദസ് വരെ കനകക്കുന്ന് കൊട്ടാരത്തിന്റെ അകത്തളത്തില്‍ സജീവം.
പതിവു ബഹളങ്ങളില്‍ നിന്ന് മാറി കേരളീയ കലകളിലേക്ക് ആകാംഷയോടെ നോക്കിയിരിക്കുന്ന ജെന്സിക്കാരെ കൗതുകത്തോടെ നോക്കുന്ന മുതിര്‍ന്ന തലമുറ ഇവിടുത്തെ ഓണാഘോഷങ്ങളിലെ വേറിട്ട കാഴ്ചയാണ്. എല്ലാ ദിവസവും വൈകുന്നേരം നാല് മുതലാണ് കേരളീയ കലകള്‍ കനകക്കുന്ന് കൊട്ടാരത്തിന്റെ അകത്തളത്തില്‍ അരങ്ങേറുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം മാര്‍ഗിയിലെ കൂടിയാട്ടം-നങ്ങ്യാര്‍ക്കൂത്ത് അധ്യാപികയും കലാകാരിയുമായ മാര്‍ഗി ഉഷ അവതരിപ്പിച്ച വാമനാവതാരം നങ്ങ്യാര്‍ക്കൂത്ത് ആസ്വദിക്കുന്ന നിറഞ്ഞ സദസില്‍ വിദേശികളുമുണ്ടായിരുന്നു. അഞ്ച് വയസുകാരിയില്‍ തുടങ്ങി 90 കളില്‍ വരെ എത്തി നില്ക്കുന്ന കാണികളെ കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ ഒരുപോലെ തൃപ്തിപ്പെടുത്തുന്ന അനുഭവം.
ലോകപൈതൃക അനുഷ്ഠാനകലയായി യുനെസ്കോ അംഗീകരിച്ച കൂടിയാട്ടം ഉള്‍പ്പെടെയുള്ള കേരളത്തിന്റെ സ്വന്തം കലകളെ പ്രോത്സാഹിപ്പിക്കാന്‍ ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നതായി ടൂറിസം വകുപ്പ് മന്ത്രി പി സി. വിഷ്ണുനാഥ് പറഞ്ഞു. ദീര്‍ഘകാലത്തെ പരിശ്രമവും പരിശീലനവും അവശ്യമുള്ള അനുഷ്ഠാനകലകള്‍ അവതരിപ്പിക്കുന്ന കലാകാരന്മാരുടെ ഉന്നമനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഓണാഘോഷത്തിന്റെ ഭാഗമായി കേരളത്തിന്റെ സ്വന്തം കലകളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളീയ കലകളുടെ തായ് വേര് കൂടിയാട്ടമാണെന്നും അതിനെ പ്രോത്സാഹിപ്പിക്കുന്ന ടൂറിസം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മാര്‍ഗി ഉഷ പറഞ്ഞു. നാരായണീയത്തെ ആസ്പദമാക്കി ബലിതര്‍പ്പണം എന്ന ദശകത്തിലെ ഒരു ശ്ലോകമാണ് കഴിഞ്ഞദിവസം അവതരിപ്പിച്ചത്. മഹാബലിയുടേയും വാമനന്റേയും കഥ പറയുന്ന വാമനാവതാരം അവതരിപ്പിക്കാന്‍ ഇതിനേക്കാള്‍ മികച്ച വേദിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിദേശത്തും സ്വദേശത്തുമായി വിവിധ അരങ്ങുകളില്‍ കൂടിയാട്ടം അവതരിപ്പിക്കുന്ന മാര്‍ഗി ഉഷയ്ക്ക് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews Kerala's Arts