"വരൾച്ച പ്രതിരോധവും മുന്നൊരുക്കവും' ശില്പശാലയിൽ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് പദ്ധതി വിശദീകരിക്കുന്നു.
കണ്ണൂർ: വരൾച്ച നേരിടാൻ സംസ്ഥാനത്ത് ആദ്യമായി ജില്ലാതലത്തിൽ സമഗ്ര പദ്ധതിയുമായി കണ്ണൂർ. പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്നലെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും വിളിച്ചു ചേർത്ത് "വരൾച്ച പ്രതിരോധവും മുന്നൊരുക്കവും' എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ജൂണിൽ മുൻ വർഷത്തെക്കാൾ 39 ശതമാനം കുറവ് മഴയാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭാവിയിൽ ഉണ്ടായേക്കാവുന്ന വരൾച്ചാ ദുരിതം മുൻകൂട്ടി കണ്ട് ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ വിഭാഗത്തിന്റെയും നേതൃത്വത്തിൽ പദ്ധതി ആവിഷ്കരിക്കുന്നത്. ജില്ലയുടെ പ്രധാന കാന്പയിനായി വരൾച്ച നിവാരണ പദ്ധതി മാറണമെന്ന് ജില്ലാ കളക്ടർ പി.വിഷ്ണുരാജ് പറഞ്ഞു. വരൾച്ചാ ഭീഷണി നേരിടുന്ന ഓരോ സ്ഥലത്തും ആ സ്ഥലത്തിന് അനുസൃതമായ പദ്ധതിയാകണം തയാറാക്കേണ്ടതെന്നും കളക്ടർ നിർദേശിച്ചു. ജില്ലയിലെ മഴ, മഴയുടെ അളവിലെ കുറവ്, കാരണങ്ങൾ, വരൾച്ചാ സാധ്യതകൾ, പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ച് കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് ഡയറക്ടർ പ്രഫ. എസ്. അഭിലാഷ്, സംസ്ഥാന ഭൂഗർഭജല വകുപ്പിൽ നിന്ന് സൂപ്രണ്ടിംഗ് ഹൈഡ്രോളജിസ്റ്റ് ആയി വിരമിച്ച ഡോ. ലാൽ തോംപ്സൺ എന്നിവർ ക്ലാസുകളെടുത്തു.
കണ്ണൂർ ജില്ലയിൽ വർഷം ശരാശരി 3300-3500 മില്ലി മീറ്റർ മഴയാണ് ലഭിക്കുന്നതെന്ന് പ്രഫ. അഭിലാഷ് പറഞ്ഞു. തളിപ്പറമ്പ് ഭാഗങ്ങളിലാണ് ഇപ്പോൾ കൂടുതൽ മഴ ലഭിക്കുന്നത്. മഴയുടെ കുറവ്, മഴയുടെ പാറ്റേണിലെ വ്യത്യാസം, കൂടുന്ന ചൂട് എന്നിവ ജലജന്യ രോഗങ്ങളുടെ വർധനയ്ക്ക് കാരണമായിട്ടുണ്ടെന്ന് പ്രഫ. എസ്. അഭിലാഷ് പറഞ്ഞു. ജില്ലയിലെ 2885 ചതുരശ്ര വിസ്തൃതി സ്ഥലത്ത് 1137 ഭൂഗർഭജല റീചാർജിംഗ് പദ്ധതികൾ നടപ്പാക്കാൻ സാധിക്കുമെന്ന് ഡോ. ലാൽ തോംപ്സൺ പറഞ്ഞു.അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി, എഡിഎം പി.എൻ. പുരുഷോത്തമൻ, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ കെ.കെ സുബൈർ എന്നിവർ പ്രസംഗിച്ചു. ശില്പശാലയുടെ തുടർച്ചയായി കൂടുതൽ കൂടിയാലോചനകൾ നടത്തി സമഗ്രമായ പദ്ധതി ആവിഷ്കരിക്കാനാണ് നീക്കം.
Tags : Nattuvishesham District news