എംജി റോഡിന്റെ വീതിക്കുറവു മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായ ഭാഗം.
കാസർഗോഡ്:വീതികുറഞ്ഞ റോഡുകളിൽ മഴയ്ക്കുപിന്നാലെ അങ്ങിങ്ങ് കുഴികൾ രൂപപ്പെട്ടതിനൊപ്പം ഫുട്പാത്ത് കൈയേറ്റവും ഓണത്തിരക്കുമെല്ലാമായതോടെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി കാസർഗോഡ് നഗരം. പുതിയ ബസ് സ്റ്റാൻഡിനു സമീപം കഴിഞ്ഞ ദിവസം സ്കൂട്ടർ യാത്രികൻ ടാങ്കർ ലോറിയിടിച്ച് മരിക്കാനിടയായ സംഭവം ഈ ഗതാഗതക്കുരുക്കിന്റെ ബാക്കിപത്രമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
നഗരത്തിലെ റോഡുകളും നഗരകേന്ദ്രങ്ങളും വീതികൂട്ടുന്നതിലൂടെ മാത്രമേ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ശാശ്വത പരിഹാരം കാണാൻ കഴിയുകയുള്ളൂവെന്ന് കല്ലട്ര മാഹിൻ എംഎൽഎ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന് നിവേദനം സമർപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ രണ്ടാംവാരത്തിൽ മന്ത്രി കാസർഗോട്ടെത്തി ജനപ്രതിനിധികളും ജില്ലാ കളക്ടറും പൊതുമരാമത്ത് അധികൃതരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ആവശ്യമായ ഭൂമി ലഭ്യമാക്കാൻ കഴിഞ്ഞാൽ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന വിധത്തിലുള്ള റോഡ് വികസനപദ്ധതികൾ നടപ്പിലാക്കാൻ സാധിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു.
മഴ കനത്തതിനു പിന്നാലെ നഗരമധ്യത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള കെപിആർ റാവു റോഡിൽ പരക്കേ കുഴികൾ രൂപപ്പെട്ട നിലയിലാണ്. കുഴികൾക്ക് ആഴമേറിയതോടെ കെഎസ്ആർടിസി ബസുകൾ ആടിയുലഞ്ഞുകൊണ്ടാണ് സ്റ്റാൻഡിലേക്കു കയറുന്നത്. ബാങ്ക് റോഡിലെ ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാൻ ചെറിയ വാഹനങ്ങൾ ഏറ്റവുമധികം ആശ്രയിക്കുന്നതും കെപിആർ റാവു റോഡിനെയാണ്. നിരവധി വ്യാപാരസ്ഥാപനങ്ങളും മൾട്ടിപ്ലക്സ് തീയറ്ററും ബിഎസ്എൻഎൽ ഓഫീസും ഈ റോഡിന്റെ വശങ്ങളിലായുണ്ട്. ഓണത്തിരക്കേറുന്നതിനു മുമ്പ് റോഡിലെ കുഴികൾ താത്കാലികമായെങ്കിലും നികത്തണമെന്ന ആവശ്യം ശക്തമാണ്.
കാസർഗോഡ്: നഗരമധ്യത്തിലൂടെ കടന്നുപോകുന്ന എംജി റോഡ് ഏറ്റവും വീതികുറഞ്ഞ നിലയിലുള്ളത് ദേശീയപാത മുതൽ കൃഷ്ണ ട്രേഡിംഗ് കമ്പനി വരെയുള്ള 60 മീറ്റർ ദൂരത്തിലാണ്. ഇവിടെനിന്ന് ചന്ദ്രഗിരി റോഡ് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ഈ റോഡിന് സാമാന്യം വീതിയുണ്ട്.
ദേശീയപാതയ്ക്കും കൃഷ്ണ ട്രേഡിംഗിനും ഇടയിലുള്ള ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും തിരക്കേറിയ വാണിജ്യസ്ഥാപനങ്ങളാണ് ഉള്ളത്. ഈ സ്ഥാപനങ്ങൾക്കു മുന്നിലെ ആൾത്തിരക്കും വാഹനങ്ങളുടെ തിരക്കും സ്ഥിതി ഗുരുതരമാക്കുന്നു. മംഗളൂരു ഭാഗത്തുനിന്നു വരുന്ന ചരക്കുലോറികളടക്കമുള്ള ഭാരവാഹനങ്ങൾ ചന്ദ്രഗിരി റോഡിലേക്കു കയറാനായി ഇതുവഴി വരുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാകാനുള്ള കാരണമാണ്.
സമീപത്തെ ഷോപ്പിങ് കോംപ്ലക്സുകൾക്കും ജ്വല്ലറിക്കും മുന്നിൽ റോഡിനോടുചേർന്ന് സ്ഥലമുണ്ടെങ്കിലും അത് സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണ്. ഇവിടെനിന്ന് മൂന്നുമീറ്റർ വീതിയിൽ സ്ഥലം വിട്ടുകിട്ടിയാൽ റോഡ് വീതികൂട്ടാനാകുമെന്നാണ് നഗരസഭയും പൊതുമരാമത്ത് അധികൃതരും ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ നഗരമധ്യത്തിലെ പൊന്നുംവിലയുള്ള സ്ഥലമായതിനാൽ ഇത് സൗജന്യമായി വിട്ടുനൽകാൻ ഉടമകൾ തയ്യാറാകാത്ത നിലയാണ്. വില നൽകി ഏറ്റെടുക്കണമെങ്കിൽ അതിനുതന്നെ സർക്കാരിൽനിന്ന് വലിയ തുക ചെലവഴിക്കേണ്ടിവരും. പൊതുമരാമത്ത് മന്ത്രിയുടെയും എംഎൽഎയുടെയും നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ ഇക്കാര്യത്തിൽ എന്തെങ്കിലുമൊരു ധാരണയിലെത്താനാകുമോ എന്നാണ് നാട്ടുകാർ ഉറ്റുനോക്കുന്നത്.
Tags : NattuVishesham DistrictNews