കൂരാച്ചുണ്ട്: കേരളത്തിൽ എവിടെ നോക്കിയാലും ആകർഷണീയമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണുള്ളതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. വിനോദസഞ്ചാര കേന്ദ്രങ്ങളായ കരിയാത്തുംപാറ, തോണിക്കടവ് ടൂറിസം ഫെസ്റ്റ് "തോണിക്കാഴ്ച 2026' ന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അത്ഭുത കാഴ്ചകളുടെ ഒരു സങ്കലനമാണ് കേരളത്തിലെ വ്യത്യസ്തങ്ങളായ പ്രദേശങ്ങൾ. ടൂറിസത്തിന് അനന്തസാധ്യതകളുള്ള പ്രദേശമാണിത്. പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും എംഎൽഎയും ഒരുമിച്ച് ഒരു നിവേദനം തയാറാക്കി വനംമന്ത്രിക്കും ഗതാഗത മന്ത്രിക്കും നൽകിയാൽ കെഎസ്ആർടിസിയുടെ ഒരു സ്പെഷൽ ടൂറിസ്റ്റ് സർവീസ് ആഴ്ചയിൽ ഒരു ദിവസം ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. വയലട ഇക്കോ ടൂറിസത്തിന് വനംവകുപ്പിന്റെ 10 ലക്ഷം രൂപയുടെ പദ്ധതി നിർമാണത്തിലാണ്.
ഫെബ്രുവരിയോടെ ഇത് ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്ന് കരുതുന്നു. ഇതിന്റെ രണ്ടാംഘട്ടത്തിന് 30 ലക്ഷം രൂപ പ്രപ്പോസൽ തയാറായിട്ടുണ്ട്. കൂരാച്ചുണ്ട് പഞ്ചായത്തിലെ വന്യജീവി ശല്യത്തിന് പരിഹാരം കാണുന്നതിനായി സോളാർ തൂക്കുവേലി സ്ഥാപിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. കെ.എം. സച്ചിൻ ദേവ് എംഎൽഎ അധ്യക്ഷത വഹിച്ചു. ടൂറിസം ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് ചെയർമാൻ എസ്.കെ സജീഷ് മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ കുറുമ്പൊയിൽ, പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, ബ്ലോക്ക് പഞ്ചായത്തംഗം അരുൺ ജോസ്, പഞ്ചായത്ത് അംഗങ്ങളായ സണ്ണി കാനാട്ട്, ബിന്ദു മോൾ തോമസ്, ബിന്ദു ആനിക്കാട്ട്, പ്രബീഷ് തളിയോത്ത്, എൻ.കെ. കുഞ്ഞമ്മദ്, വർക്കിംഗ് ചെയർമാൻ അഡ്വ. പി.എം. തോമസ്, വി.ജെ. സണ്ണി, ടി. കെ. സുമേഷ് എന്നിവർ പ്രസംഗിച്ചു. പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ നയിച്ച സംഗീത പരിപാടിയും നടന്നു
Tags : nattu vishesham Kerala has potential