മഴ പെയ്തതോടെ തകർന്ന് സഞ്ചാരയോഗ്യമല്ലാതായ കൊടികുത്തിമല റോഡ്.
പെരിന്തൽമണ്ണ: ദിവസേന നൂറുക്കണക്കിന് വാഹനങ്ങളും വിനോദസഞ്ചാരികളും എത്തുന്ന കൊടികുത്തിമല റോഡ് മഴ പെയ്തതോടെ തകർന്ന് ഗതാഗതം ദുഷ്കരമായി.
അമ്മിനിക്കാടുനിന്ന് കൊടികുത്തിമലയിലേക്കുള്ള റോഡിൽ അക്കരമല മുതൽ കൊടികുത്തി ഇക്കോ ടൂറിസം കേന്ദ്രം പ്രവേശന കവാടം വരെയുള്ള റോഡാണ് തകർന്നിരിക്കുന്നത്.
നിരവധി വളവുകളും കയറ്റവും നിറഞ്ഞ റോഡിലെ കുഴികൾ കാരണം ഇതുവഴി യാത്ര ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. മഴക്കാലമായതോടെ മുകൾ ഭാഗത്തുനിന്നു മഴവെള്ളം റോഡിലൂടെ താഴേക്ക് ഒലിച്ചുപോകുന്നതാണ് റോഡ് തകരാൻ കാരണം. റോഡിനിരുവശത്തും അഴുക്കുച്ചാൽ ഇല്ലാത്തതിനാൽ മഴവെള്ളം റോഡിലൂടെ പരന്നൊഴുകുകയാണ്.
തകർന്ന റോഡിന്റെ ഇരുവശങ്ങളിലായി വിനോദസഞ്ചാരികളുടെ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതും ഗതാഗതം ദുഷ്കരമാക്കുന്നു. മഴയും കോടമഞ്ഞും ആസ്വദിക്കാൻ കൂടുതൽ വിനോദസഞ്ചാരികൾ പാർക്കുകളും റിസോർട്ടുകളും ഉൾപ്പെടുന്ന കൊടികുത്തിമലയിൽ എത്തുന്നതോടെ ദുരിതം ഇരട്ടിയാകും.
Tags : Local News Nattuvishesham Malappuram