ശബരിമല തീർഥാടകരുമായെത്തുന്ന വലിയ വാഹനങ്ങളിൽ കയറ്റം കയറാൻ പ്രയാസമുള്ള വാഹനങ്ങളെ കണമലയിലേക്ക് പോകാൻ അനുവദിക്കാതെ കരിങ്കല്ലുമ്മുഴിയിൽ പൊലിസ് തടഞ്ഞ്
എരുമേലി: ശബരിമല സീസണിൽ അപകടങ്ങൾ ആവർത്തിക്കുന്ന കണമല ഇറക്കത്തിലേക്ക് ഭാരവാഹനങ്ങൾ കടത്തിവിടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. കണമല റോഡിന്റെ പ്രവേശനഭാഗമായ കരിങ്കല്ലുമ്മുഴിയിലാണ് പൊലിസ് ഇതുസംബന്ധിച്ച് നിയന്ത്രണ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. കരിങ്കല്ലുമ്മുഴി ജംഗ്ഷനിൽ ഇതിനായി പ്രത്യേകം പൊലിസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കയറ്റം കയറാൻ പ്രയാസമായ വാഹനങ്ങൾ കരിങ്കല്ലുമ്മുഴിയിൽ പൊലിസ് തടഞ്ഞ് റാന്നി റോഡുവഴി പമ്പയ്ക്ക് പോകാനാണ് നിർദേശം നൽകുന്നത്. ശബരിമല തീർഥാടകരുമായെത്തുന്ന വലിയ വാഹനങ്ങൾക്കാണ് നിയന്ത്രണം. എരുമേലിയിൽനിന്ന് ശബരിമലപാത ആരംഭിക്കുന്ന കരിങ്കല്ലുമ്മുഴിയിൽ ഇതുമൂലം ഗതാഗതക്കുരുക്കുമുണ്ടാകുന്നുണ്ട്.
കരിങ്കല്ലുമ്മുഴിയിൽനിന്ന് കുത്തനെയുള്ള കയറ്റം എരുമേലി-പമ്പ-ശബരിമല പാതയുടെ തുടക്കം. ഈ കയറ്റം വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ദുർഘടമാണ്. കയറ്റത്തിൽ വച്ച് വാഹനങ്ങൾ നിൽക്കുന്ന സ്ഥിതിയുണ്ട്. പൊലിസും നാട്ടുകാരും ചേർന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം വാഹനങ്ങൾ തള്ളിനീക്കിയത്. ഈ വാഹനങ്ങൾ കണമല ഇറക്കത്തിൽ ഗതിവേഗം നിയന്ത്രിച്ചില്ലെങ്കിൽ അപകടം സംഭവിക്കുമെന്ന് പൊലിസും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു.
വേഗത കുറച്ച് സഞ്ചരിക്കണമെന്ന് ഡ്രൈവർമാർക്ക് നിർദേശം നൽകുന്നുണ്ടെങ്കിലും അനുസരിക്കാൻ പലരും തയാറാകുന്നില്ല. ഇതേത്തുടർന്നാണ് ശബരിമല പാതയിലെ പ്രവേശന ഭാഗമായ കരിങ്കല്ലുമ്മുഴിയിൽ തന്നെ നിയന്ത്രണം ഏർപ്പെടുത്തുന്നതിലേക്ക് എത്തിയത്. നൂറിലേറെ പേരാണ് വിവിധ ശബരിമല സീസണുകളിലായി കണമല ഇറക്കത്തിൽപ്പെട്ട് അപകടങ്ങളിൽ മരണപ്പെട്ടത്.
കണമല ഇറക്കം ആരംഭിക്കുന്ന പൊലിസ് ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി പത്ത് വാഹനങ്ങൾ വീതമാണ് നിലവിൽ പൊലിസ് കടത്തിവിടുന്നത്. അതീവ അപകടമേഖലയായ ഇറക്കത്തിലെ അട്ടിവളവിൽ വാഹനങ്ങൾ എത്തുന്നതിന് മുമ്പ് വീണ്ടും തടഞ്ഞുനിർത്തിയാണ് കടത്തിവിടുന്നത്. പൊലിസിന്റെയും മോട്ടോർ വാഹന വകുപ്പ് റോഡ് സേഫ് സോണിന്റെയും മുഴുവൻ സമയ പട്രോളിംഗ് സ്ക്വാഡ് ഇറക്കത്തിൽ ഡ്യൂട്ടിയിലുണ്ട്.
രാത്രിയിൽ ചൂട് ചുക്കുകാപ്പി ഡ്രൈവർമാർക്ക് നൽകി ഉറക്ക ക്ഷീണം മാറ്റിയാണ് ഇറക്കത്തിൽ സഞ്ചരിക്കാൻ അനുവദിക്കുന്നത്.
Tags : Karinkallumuzhi in Kanamala Nattuvishesham DistrictNews