പൊൻകുന്നത്ത് ദേശീയപാതയിലെ ഗതാഗതക്കുരുക്ക്.
പൊൻകുന്നം: ശബരിമല തീർഥാടകരുടെ വാഹനങ്ങളുടെ തിരക്കുകൂടി ആയതോടെ പൊൻകുന്നത്ത് ഗതാഗതക്കുരുക്കേറി. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയായ പാലാ-പൊൻകുന്നം റോഡിലൂടെ വടക്കൻ ജില്ലകളിൽനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും നൂറുകണക്കിന് വാഹനങ്ങളാണ് പൊൻകുന്നം ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത്.
പൊൻകുന്നത്ത് ദേശീയപാതയും സംസ്ഥാനപാതയും സംഗമിക്കുന്ന ട്രാഫിക് സിഗ്നൽ കവലയുടെ തൊട്ടടുത്ത് മിനി സിവിൽ സ്റ്റേഷന് എതിർവശത്ത് പുനലൂർ-ഹൈവേയിലേക്ക് വാഹനങ്ങൾ തിരിഞ്ഞിറങ്ങുമ്പോൾ മുതൽ കുരുക്കേറും.
ദേശീയപാതയിൽനിന്ന് പുനലൂർ റോഡിലേക്കും അവിടെനിന്ന് ദേശീയപാതയിലേക്കും വാഹനങ്ങൾ തിരിയുമ്പോൾ പിന്നാലെയെത്തുന്ന വാഹനങ്ങളത്രയും നിരനിരയായി കിടക്കേണ്ടിവരും. ഇതിനിടെ തൊട്ടുചേർന്നുള്ള പൊൻകുന്നം ബസ് സ്റ്റാൻഡിൽനിന്നിറങ്ങുന്ന ബസുകൾ കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിഞ്ഞ് ദേശീയപാതയിൽ പ്രവേശിക്കുമ്പോൾ അഴിയാക്കുരുക്കാകും. പൊലിസ് കിണഞ്ഞ് ശ്രമിച്ചാലും പലപ്പോഴും ബസുകളുടെ കടന്നുപോക്ക് പ്രയാസമാകും.
ചെറുവാഹനങ്ങൾ ഉൾപ്പെടെയുള്ളവ, പൊൻകുന്നം പട്ടണത്തിൽ എത്തേണ്ടതില്ലെങ്കിൽ അവയെ സമീപ റോഡുകളിലൂടെ വഴിതിരിച്ചുവിടാൻ ക്രമീകരണം വേണം. ഇല്ലെങ്കിൽ ശബരിമല തീർഥാടന കാലയളവിൽ പൊൻകുന്നത്ത് കുരുക്കൊഴിയില്ല.
എരുമേലിക്ക് പോകേണ്ട തീർഥാടകവാഹനങ്ങൾ പൊൻകുന്നം പട്ടണത്തിന് തൊട്ടടുത്ത കെവിഎംഎസ് കവലയിൽനിന്ന് തിരിഞ്ഞുപോകണം. ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വീതി കുറഞ്ഞ കെവിഎംഎസ്-വിഴിക്കിത്തോട്-എരുമേലി റോഡിലേക്ക് തിരിയുമ്പോഴും ദേശീയപാതയിൽ ഗതാഗതക്കുരുക്കാകും. ഇവിടെയും ട്രാഫിക് പൊലിസിന്റെ സേവനമുണ്ടെങ്കിലും കുരുക്കൊഴിവാക്കാൻ പലപ്പോഴും സാധിക്കില്ല.
Tags : Ponkunnam choked by traffic congestion Nattuvishesham DistrictNews