വടകര: സര്‍ക്കാര്‍ ജീവനക്കാരും പൊതുജനങ്ങളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വടകര റവന്യു ടവര്‍ നിര്‍മാണം സംബന്ധിച്ച നടപടിക്രമങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതായി ആക്ഷേപം. പുത്തന്‍ ബഹുനില കെട്ടിടത്തിന് സര്‍ക്കാര്‍ അനുമതിയായെങ്കിലും പ്രവൃത്തി സംബന്ധിച്ച കാര്യങ്ങള്‍ എങ്ങുമെത്തിയില്ല. പഴയ രജിസ്ട്രാര്‍ ഓഫീസിനടുത്തായാണ് റവന്യു ടവര്‍ പണിയാന്‍ ഉദ്ദേശിക്കുന്നത്. ഇ-ടെന്‍ഡര്‍ ചെയ്യാന്‍ ഹൗസിംഗ് ബോര്‍ഡ് നടപടി സ്വീകരിച്ചെങ്കിലും തുടര്‍ നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. കടലാസു പണികള്‍ക്ക് വേണ്ടത്ര വേഗതയില്ലാത്തതിനാല്‍ പ്രവൃത്തി എന്ന് ആരംഭിക്കുമെന്ന് വ്യക്തമല്ല.
താലൂക്ക് ഓഫീസ് കത്തിനശിച്ചതോടെ അഞ്ചു വര്‍ഷമായി സ്വകാര്യ കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിച്ചു വരുന്നത്. 2021 ഡിസംബറിലാണ് മാനസിക രോഗി ഓഫീസിനു തീയിട്ടത്. ഇതിനു ശേഷം സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫീസില്‍ വേണ്ടത്ര സൗകര്യമില്ല. രണ്ടാം നിലയിലെ ഓഫീസില്‍ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുകയാണ് ജീവനക്കാരും പൊതുജനങ്ങളും. താലൂക്ക് ഓഫീസിന്റെ ചില സെക്ഷനുകള്‍ പഴയ മുനിസിപ്പല്‍ ഓഫീസിലാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്.
പുതുതായി പണിയാന്‍ ഉദ്ദേശിക്കുന്ന ആര്‍ഡിഒ ഓഫീസിന്റെ കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. സ്ഥലം ലഭിക്കാതെയാണ് ആര്‍ഡിഒ ഓഫീസിന് തറക്കല്ലിട്ടത്. പുതുപ്പണത്തെ കുറ്റ്യാടി ഇറിഗേഷന്‍ പ്രൊജക്ടിന്റെ 25 സെന്റ് സ്ഥലം ആവശ്യപ്പെട്ടുകൊണ്ട് കത്ത് നല്‍കിയെങ്കിലും മറ്റൊരു വകുപ്പിന് കൈമാറേണ്ടതില്ലെന്ന നിലപാടാണ് ഇറിഗേഷന്‍ വകുപ്പ് മേലധികാരികള്‍ കൈകൊണ്ടത്. ഇതോടെ ആര്‍ഡിഒ ഓഫീസ് നിര്‍മാണം എന്ന് ആരംഭിക്കുമെന്ന് വ്യക്തമല്ല. ആര്‍ഡിഒ ഓഫീസ് കൂടി റവന്യു ടവറിലേക്ക് മാറ്റിക്കൊണ്ട് നിര്‍മാണം നടത്തണമെന്ന ആവശ്യവും ഉയരുകയാണ്.
റവന്യൂ ടവര്‍ നിര്‍മാണത്തിലെ കാലതാമസം ഒഴിവാക്കണമെന്ന് മഹാത്മ ആര്‍ട്സ് ആന്റ് സര്‍വീസ് സൊസൈറ്റി ആവശ്യപ്പെട്ടു. ടി.വത്സലന്‍ അധ്യക്ഷത വഹിച്ചു.
Tags : nattu vishesham Construction Revenue Tower