പ്രതീകാത്മക ചിത്രം
മലപ്പുറം: മലപ്പുറം സിവിൽ സ്റ്റേഷനിൽ നിർമിക്കുന്ന പുതിയ റവന്യു ടവർ പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്നു. കളക്ടർ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ സർക്കാർ ഓഫിസുകൾക്ക് ആവശ്യമായ സൗകര്യങ്ങൾ, ഓഫിസ് മുറികളുടെ ക്രമീകരണം, പൊതുജനങ്ങൾക്കുള്ള സേവന സൗകര്യങ്ങൾ തുടങ്ങിയവ യോഗത്തിൽ ചർച്ച ചെയ്തു. 10 നിലകളിലായി 29614 സ്ക്വയർ ഫിറ്റ് വിസ്തീർണത്തിൽ 34 സർക്കാർ ഓഫിസുകളെ ഉൾക്കൊള്ളുന്ന കെട്ടിട സമുച്ചയമാണ് വിഭാവനം ചെയ്യുന്നത്. ബേസ്മെന്റ് ഉൾപ്പെടെ 11 ലിഫ്റ്റുകളും ആറ് സ്റ്റെയർ കേസുകളും ഇതിൽ ഉൾപ്പെടും. ഓരോ നിലയിലും വിവിധ സർക്കാർ ഓഫിസുകൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഉൾക്കുന്നതാണ് രൂപരേഖ. ട്രഷറി, ഭാഗ്യക്കുറി, സാമൂഹ്യനീതി വകുപ്പ്, പുതുതായി രൂപീകരിച്ച വയോജന ക്ഷേമ വകുപ്പ് ഓഫിസ് എന്നിവ താഴെത്തെ നിലകളിൽ ക്രമീകരിക്കും.
രണ്ടും മൂന്നും നിലകളിൽ കളക്ടർ ഓഫിസ്, എംഡിഎം ഓഫിസ്, അസിസ്റ്റന്റ് കളക്ടർ ഓഫിസ്, വിഐപി ലോഞ്ച്, ബോർഡ് റൂം, തുടങ്ങി കളക്ടറേറ്റിലെ വിവിധ സെഷനുകൾ ക്രമീകരിക്കും. റവന്യു ടവറിലെ മറ്റ് നിലകളിൽ ഡെപ്യൂട്ടി കളക്ടർ, മറ്റ് വകുപ്പ് തല ഓഫിസുകൾ എന്നിവയുമുണ്ടാകും. ഭിന്നശേഷി സൗഹൃദമായാണ് റവന്യു ടവറിന്റെ രൂപകൽപന ചെയ്തിരിക്കുന്നത്.റവന്യു ടവറിൽ ക്രഷ്, പബ്ലിക് വെയ്റ്റിംഗ് സ്പേസ്, ഫീഡിംഗ് റൂം, ഡൈനിംഗ് ഹാൾ, കഫ്റ്റീരിയ, ഭിന്നശേഷിക്കാർക്ക് പ്രത്യേക ടോയ്ലറ്റുകൾ, പൊതുജനങ്ങൾക്ക് ജീവനക്കാർക്കുമായി പ്രത്യേകം ടോയ്ലറ്റുകൾ, റീഡിംഗ് റൂം, ജീവനക്കാർക്കായി വായനാ മുറി ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും. വിശാലമായ പാർക്കിംഗ് സൗകര്യവുമുണ്ടാകും. വിവിധ വകുപ്പുകളുടെ പ്രവർത്തന ആവശ്യങ്ങൾ പരിഗണിച്ച് അനുയോജ്യമായ രൂപരേഖ തയാറാക്കുന്നതിനുള്ള നിർദേശങ്ങളും യോഗം പരിഗണിച്ചു.
സർക്കാർ ഓഫിസുകളെ ഒരേ സമുച്ചയത്തിന് കീഴിൽ കൊണ്ടുവരുന്നതിലൂടെ പൊതുജനങ്ങൾക്ക് വിവിധ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. റവന്യു ടവറിന്റെ അന്തിമ പ്ലാൻ പിഡബ്ല്യുഡി ആർക്കിടെക്ചർ വിഭാഗം വിലയിരുത്തി ഭരണാനുമതി ലഭ്യമായാൽ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി, മെംബർ വെട്ടം ആലിക്കോയ, എഡിഎം പി.ഒ. സാദിഖ്, മന്ത്രി പി.. കുഞ്ഞാലിക്കുട്ടിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ടി.കെ. അഹമ്മദ്, മന്ത്രിയുടെ പ്രതിനിധികളായ പി.എ. സലാം, പി.കെ. ബാവ, കെ. ഫാരിസ്, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനിയർ കെ. മുഹമ്മദ് ഇസ്മായിൽ, പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനിയർ പി.ശുഹൈബ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ വിജു ജോസ്, ഓവർസിയർ ടി. രാജേഷ്, പിഡബ്ല്യുഡി ഇലക്ട്രിക്കൽ എൻജിനിയർ സി. ബഷീർ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
Tags : Revenue Tower NattuVishesham DistrictNews