പ്രതീകാത്മക ചിത്രം
കോഴിക്കോട്: കൊയിലാണ്ടിയുടെ സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ട് ആവിഷ്കരിക്കുന്ന "വിഷന്‍ 2040'ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന "വിഷന്‍ കൊയിലാണ്ടി കോണ്‍ക്ലേവ്' 27 ന് നടക്കുമെന്ന് കെ. പ്രവീണ്‍കുമാര്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി "കൊയിലാണ്ടി ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തില്‍ ഇന്നു മുതല്‍ രണ്ടു ദിവസങ്ങളിലായി പ്രദര്‍ശനവുമൊരുക്കിയിട്ടുണ്ട്. 2040ല്‍ കൊയിലാണ്ടി എങ്ങനെയായിരിക്കണമെന്നും ആ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ എന്തെല്ലാം പദ്ധതികള്‍ക്കും ഇടപെടലുകള്‍ക്കുമാണ് തുടക്കം കുറിക്കേണ്ടത് എന്നതിനെ കുറിച്ചും വിശദമായ ചര്‍ച്ച നടക്കും.
മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, എന്‍. ഷംസുദ്ദീന്, ടി.സിദ്ദിഖ്, ഷാഫി പറമ്പില്‍ എംപി, പി.ടി ഉഷ എന്നിവര്‍ പങ്കെടുക്കും. വിവിധ മേഖലകളിലെ വിദഗ്ധരും അനുഭവസമ്പന്നരും കോണ്‍ക്ലേവില്‍ ആശയങ്ങള്‍ പങ്കുവയ്ക്കും. ഈ പരിപാടി കഴിഞ്ഞ് ഒരുമാസത്തിനകം സമഗ്രവികസനരേഖ തയാറാക്കും. ടൂറിസം, മിഷന് സമുദ്ര ഉള്‍പ്പെടെ വലിയ സാധ്യതകളാണ് കൊയിലാണ്ടിക്കുള്ളത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മണ്ഡലത്തില്‍ 16 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചുവെന്ന് എംഎല്‍എ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്മാന് യു.കെ. ചന്ദ്രന്, പയ്യോളി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എന്‍.സാഹിറ, തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസല്‍, മൂടാടി പഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അജയ്ബോസ് എന്നിവര്‍ പങ്കെടുത്തു.
Tags : Vision Koyilandy Conclave Vision Koyilandy NattuVishesham DistrictNews