ബേപ്പൂരിൽ നിർമാണം പുരോഗമിക്കുന്ന ഉരു.
കോഴിക്കോട്: ബേപ്പൂരില്‍ നിന്നും ഒരു ആഡംബര ഉരു കൂടി അറബിക്കടൽ താണ്ടാൻ ഒരുങ്ങുന്നു.
ഖത്തറിലേക്ക് കയറ്റുമതി ചെയ്യാനായി നിർമിക്കുന്ന ഉരുവിന്റെ നിർമാണം അവാസനഘട്ടത്തിലാണ്. ബേപ്പൂർ ബിസി റോഡിന് സമീപം കക്കാടത്ത് ചാലിയാർ തീരത്തെ ഉരുപ്പണിശാലയിൽ ഉരു നിർമാണ വിദഗ്ധൻ ബേപ്പൂർ സ്വദേശി എടത്തൊടി സത്യന്റെ നേതൃത്വത്തിലാണ് നിർമാണം.
രണ്ടു മാസം കഴിഞ്ഞ് നീറ്റിലിറക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുമ്പും ഇവിടെ നിന്നും നിരവധി ഉരുക്കൾ നിർമിച്ച് ഖത്തറിലേക്ക് അയച്ചിരുന്നു. കോടികൾ ചെലവിട്ടു നിർമിക്കുന്ന ഉരു, ഗൾഫിൽ എത്തിച്ച ശേഷം 500 കുതിരശക്തിയുള്ള രണ്ടും മൂന്നും എൻജിനുകൾ കൂടുതലായി ഘടിപ്പിച്ച്, പത്തും പതിനഞ്ചും കോടി വീണ്ടും മുടക്കി കൊട്ടാര സമാനമാക്കിയാണ് ഉല്ലാസ നൗകയാക്കിയിറക്കുന്നത്.
പിൻഭാഗം തുറന്ന രീതിയിലുള്ള സാം ബൂക്ക് ’ ഉരുവാണ് ഇത്തവണയും ഒരുങ്ങുന്നത്. പ്രധാനമായും പുറംഭാഗം തേക്ക് തടിയിലും, മറ്റു ഭാഗങ്ങൾ വാക, കരി മരുത്, കൊയ്ല, പ്ലാവ് തുടങ്ങിയവയിലുമാണ് നിർമിക്കുക. കേരളത്തിൽ മികച്ചയിനം മരത്തടികളുടെ ദൗർലഭ്യവും അമിത വിലയും കാരണം ഇറക്കുമതി മരങ്ങളാണ് ഇപ്പോൾ കൂടുതലായും ഉപയോഗിക്കുന്നത്. നിർമാണം ആരംഭിച്ചതു മുതൽ വിദേശികൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികളും പഠന - ഗവേഷണ മേഖലയിലുള്ളവരും സന്ദർശകരായി എത്തുന്നുണ്ട്.
Tags : luxury uru cross the Arabian Sea. luxury uru NattuVishesham DistrictNews