ഇരിങ്ങാലക്കുട: ആയിരങ്ങളെ ആവേശത്തിലാഴ്ത്തി കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ആദ്യശീവേലി പഞ്ചാരിയില്‍ നാദവിസ്മയം തീര്‍ത്തു. പ്രഗത്ഭ മേളകലാകാരനായ കലാമണ്ഡലം ഉദയന്‍ നമ്പൂതിരിയുടെ പ്രമാണത്തിലായിരുന്നു ആദ്യശീവേലിമേളം. പാറമേക്കാവ് കാശിനാഥന് തിടമ്പേറ്റി. നാലു പ്രദക്ഷിണം പൂര്‍ത്തിയാക്കി കിഴക്കേഗോപുരത്തില്‍ ശീവേലിക്കായി എത്തി, പഞ്ചാരിയുടെ ഒന്നാംകാലത്തിന്റെ ആദ്യകോല്‍ മേളപ്രാമാണികന്റെ ചെണ്ടപ്പുറത്ത് വീണ് നാദമായപ്പോള് അകമ്പടിയായി കൊമ്പും കുഴലും ചേങ്ങിലയും താളമിട്ടു.
ഇടയ്ക്കയും തിമിലയും ചെണ്ടയും തവിലിലും കൊട്ടിത്തീര്‍ത്ത 120 ലേറെ കലാകാരന്മാരുടെ പഞ്ചാരിമേളത്തിന്റെ സംഗീതാത്മകതയില്‍ ജനങ്ങള്‍ മുഴുകി. രാവിലത്തെ നാലു പ്രദക്ഷിണത്തിനുശേഷം പഞ്ചാരിമേളത്തിന്റെ പതികാലത്തോടെ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന നാദപ്രപഞ്ചത്തിന് നാന്ദികുറിക്കുകയായി.
ആദ്യശീവേലി ആസ്വദിക്കാന്‍ രാവിലെ മുതല്‍ തന്നെ സംഗമസന്നിധിയിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി. കിഴക്കേ നടപ്പുരയില്‍ പഞ്ചാരിയുടെ പതികാലവും തെക്കേനടയില്‍ രണ്ടാംകാലവും കൊട്ടിയശേഷം പടിഞ്ഞാറേ നടപ്പുരയില്‍ മൂന്നും നാലും അഞ്ചും കാലം കൊട്ടിക്കലാശിച്ചു. തുടര്‍ന്ന് രൂപകം കൊട്ടി വടക്കേനടയില്‍ ചെമ്പടമേളത്തിലേക്കുകടന്നു. തുടര്‍ന്ന് കിഴക്കേനടയിലെത്തി ചെമ്പടമേളം കൊട്ടിക്കലാശിച്ചതോടെ ആദ്യശീവേലിക്ക് സമാപനമായി. രാത്രി വിളക്കെഴുന്നള്ളിപ്പിന് പെരുവനം പ്രകാശന്‍മാരാര്‍ പ്രമാണം വഹിച്ചു. കുട്ടന്‍കുളങ്ങര അര്ജുനന് ഭഗവാന്റെ തിടമ്പേറ്റി.
കൂടല്‍മാണിക്യത്തില്‍ ഇന്ന് മാണിക്യം വേദിയില്‍
ഉച്ചതിരിഞ്ഞ് ഒന്നിന് തിരുവാതിരക്കളി, നാലിന് ഭരതനാട്യം, ഭജന, ഭരതനാട്യം, നൃത്തം, മോഹിനിയാട്ടം, ഏഴിന് ഊര്‍മിള രഘുവിന്റെ മോഹിനിയാട്ടം, ഭരതനാട്യം, 8.30ന് പൂനെ നൃത്യമുകുള ഡാന്‍സ് അക്കാദമിയുടെ ഭരതനാട്യം, 9.45ന് ഭക്തിഗാനമേള.
സംഗമം വേദിയില്‍
രാവിലെ ഒമ്പതു മുതല്‍ ശീവേലിക്കും രാത്രി 9.30 മുതല്‍ വിളക്കിനും കലാമണ്ഡലം ശിവദാസ് പ്രമാണം വഹിക്കും. ഉച്ചതിരിഞ്ഞ് ഒന്നിന് തിരുവാതിരക്കളി, രണ്ടിന് മാടായിക്കോണം ഗീതാഞ്ജലി ഭജന്‍സ് അവതരിപ്പിക്കുന്ന ഭജന്‍സ്, സംഗീതാര്‍ച്ചന, കര്‍ണാടിക് മ്യൂസിക് വോക്കല്‍, മോഹിനിയാട്ടം, നടവരമ്പ് രേഖചന്ദ്രന് അവതരിപ്പിക്കുന്ന ഭരതനാട്യം, കൊല്ലം ഗായത്രി പ്രശാന്ത് അവതരിപ്പിക്കുന്ന ഭരതനാട്യം, ആറിന് കല്യാണി മേനോന് ഹരികൃഷ്ണന്റെ മോഹിനിയാട്ടം, ഏഴിന് ഭദ്രാശര്മയുടെ ഭരതനാട്യം, എട്ടിന് ഇരിങ്ങാലക്കുട നൃത്യതി അവതരിപ്പിക്കുന്ന ഭരതനാട്യം, ഒമ്പതിന് ഇരട്ട തായമ്പക, രാത്രി 12ന് സര്‍വതോഭദ്രം കലാകേന്ദ്രം അവതരിപ്പിക്കുന്ന കഥകളി: കര്‍ണശപഥം, ദക്ഷയാഗം.
Tags : nattu vishesham Kudalmanikyam festival