കുമാരമംഗലം പഞ്ചായത്തില്‍ കുടുംബശ്രീ സിഡിഎസും കൃഷിഭവനും ചേര്‍ന്ന് നടപ്പാക്കിയ ഓണക്കണി നിറപ്പൊലിമ ബന്തിപ്പൂ കൃഷി പദ്ധതിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡ
തൊടുപുഴ: ഓണാഘോഷങ്ങള്‍ക്ക് ആവശ്യമായ ചെണ്ടുമല്ലി പ്രാദേശികമായി ഉത്പാദിപ്പിച്ച് കുമാരമംഗലം പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍. കുടുംബങ്ങള്‍ക്ക് അധികവരുമാനവും ഭക്ഷ്യസ്വയംപര്യാപ്തതയും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീ സിഡിഎസും കൃഷിഭവനും ചേര്‍ന്ന് നടപ്പാക്കിയ ഓണക്കണി നിറപ്പൊലിമ ബന്തിപ്പൂ കൃഷി പദ്ധതിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോബി മാത്യു ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് കൃഷിയുടെ വളര്‍ച്ചയിലും വിളവെടുപ്പിലും കാലതാമസം നേരിട്ടതോടെ ഓണത്തിന് പൂക്കള്‍ കാര്യമായി വിപണിയിലെത്തിക്കാനായില്ല.
എന്നാല്‍ വൃന്ദാവന്‍ ജെഎല്‍ജി അംഗങ്ങളായ ബിന്ധു, മിനി ,കുമാരി ശ്യാമള എന്നിവരുടെ ശ്രമ ഫലമായി വിളവെടുപ്പ് സാധ്യമാക്കുകയായിരുന്നു. വൈകി വിളവെടുപ്പിന് പാകമായതുകൊണ്ട് മുടക്കുമുതല്‍ തിരിച്ചുപിടിക്കുന്നതിനായി പൊതുജനങ്ങള്‍ക്കു പ്രദര്‍ശനത്തിനു തുറന്നു കൊടുത്തിരിക്കുകയാണ് ഇപ്പോള്‍ മനോഹരമായ പൂന്തോട്ടം.
വരും വര്‍ഷങ്ങളിലും കൂടുതല്‍ പേരെ സംഘടിപ്പിച്ച് കുമാരമംഗലത്തെ വിഷരഹിത പച്ചക്കറിയുടെയും പൂക്കൃഷിയുടെയും മാതൃകാ പഞ്ചായത്താക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നു കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ.എ. ആബിദ പറഞ്ഞു. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫസല്‍ സുലൈമാന്‍, ജിഷ ഷൈസണ്‍, അബ്ദുള്‍ കരീം, മെംബര്‍മാരായ സന്ധ്യ ജോജി, ലൈല കരീം, കൃഷി അസിസ്റ്റന്റ് വി.എം. സിദ്ധിഖ് , രാഖി രാജന്, ബോബിനി വിപിന്‍, അഷിത അസീസ് എന്നിവര്‍ പ്രസംഗിച്ചു.