മുസ്തഫ
വടകര: ഫര്‍ണിച്ചര്‍ കുറിയിലൂടെ ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ പ്രധാന പ്രതി പിടിയില്‍. വടകര മുനിസിപ്പാലിറ്റിയിലെ മാക്കൂല്‍ കേന്ദ്രമായി റോയല്‍ ഫർണിച്ചര്‍ എന്ന പേരില്‍ ആകര്‍ഷകമായ ഓഫറുകള്‍ നല്കി വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുസ്തഫയെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.
മാക്കൂലില്‍ റോയല്‍ ഫര്‍ണിച്ചര്‍ തുടങ്ങിയ സംഘം വടകര മേഖലയിലുള്ളവരെ കുറിയില്‍ ചേര്‍ത്ത് ഇഷ്ടമുള്ള ഫര്‍ണിച്ചറുകള്‍ സ്വന്തമാക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പണം തട്ടിയത്.
മാസം ആയിരം രൂപ തോതില്‍ ഇരുപത് മാസം അടച്ചു കഴിഞ്ഞാല്‍ ഫര്‍ണിച്ചറോ അല്ലെങ്കില്‍ ഇലക്ട്രോണിക് ഉപരണങ്ങളോ ലഭിക്കുമെന്ന വാഗ്ദാനം നല്‍കിയാണ് ആളുകളെ കുറിയില്‍ ചേര്‍ത്തത്. ഓരോ മാസവും നറുക്കെടുപ്പും നിശ്ചയിച്ചിരുന്നു. നറുക്ക് കിട്ടിയാല്‍ പിന്നീട് പണം അടക്കേണ്ടതില്ലായിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്തവ ലഭിക്കാതായതോടെയാണ് പണമടച്ചവര്‍ക്ക് സംശയം തോന്നിയത്.
തുടര്‍ന്ന് ഇരയായവര്‍ മാക്കൂലിലെ ഓഫീസിലെത്തിയപ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടതായും സ്ഥാപനം പൂട്ടിയതായും മനസിലാക്കുന്നത്. അപ്പോഴേക്കും പ്രതികള്‍ ലക്ഷക്കണക്കിന് രൂപയുമായി ഒളിവില്‍ പോയിരുന്നു.
നൂറോളം പരാതികളാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വടകര പോലീസിന് ലഭിച്ചത്. ഇവരില്‍ പലര്‍ക്കും പതിനയ്യായിരം രൂപയിലേറെ വീതം നഷ്ടപ്പെട്ടു. കേസെടുത്ത വടകര പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മലപ്പുറത്തുനിന്നാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി മുസ്തഫയെ പിടികൂടിയത്. തട്ടിപ്പ് സംഘത്തിലെ മറ്റുള്ളവരെ കുറിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്. സമാന രീതിയില്‍ മലപ്പുറത്തും ഇവര്‍ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു.
Tags : Local News Nattuvishesham Kozhikode