മുക്കാളിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം.
വടകര: ദേശീയപാതയിൽ മുക്കാളിയിൽ സംരക്ഷണഭിത്തി നിർമാണം നടക്കുന്നതിനിടെ വീണ്ടും മണ്ണിടിച്ചിൽ. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഈ വർഷം തന്നെ രണ്ടുതവണ ഇവിടെ മണ്ണിടിച്ചിലുണ്ടായിരുന്നു. അടിത്തറയ്ക്കായി കുഴി എടുത്തതിന് സമീപമാണ് വീണ്ടും അപകടം ഉണ്ടായത്. തൊഴിലാളികള്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് സംഭവം. ഒട്ടേറെ തൊഴിലാളികള്‍ ഇവിടെ ജോലി എടുക്കുന്നുണ്ട്. മണ്ണും മരങ്ങളും താഴേക്ക് പതിച്ചു. ദേശീയ പാതയിലൂടെ വാഹനങ്ങള്‍ കടന്ന് പോകുന്നതിനിടെയാണ് അപകടം. മണ്ണിടിച്ചിലിനെത്തുടർന്ന് രണ്ട് വീടുകൾ പൂർണമായും അപകടാവസ്ഥയിലായി. കൈതോക്കുന്നുമ്മൽ ദേവരാജിന്റെയും പുനത്തിൽ സരോജിനിയുടെയും വീടാണ് ഭീഷണിയിലായത്. വീടിന്റെ തൊട്ടടുത്തുവരെ മണ്ണിടിഞ്ഞു. ഇനിയും ഇടിച്ചിലുണ്ടായാൽ വീട് തകരുന്ന സ്ഥിതിയാണ്.
മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ദേശീയപാതാ അഥോറിറ്റി അധികൃതരോ റവന്യൂ അധികൃതരോ എത്താത്തതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികളും നാട്ടുകാരും മുക്കാളിയിൽ ദേശീയപാത ഉപരോധിച്ചു. ശക്തമായ മണ്ണിടിച്ചിലായിട്ടുകൂടി തിരഞ്ഞുനോക്കാത്ത നിലപാടാണ് ദേശീയപാത അധികൃതർ സ്വീകരിക്കുന്നതെന്ന് ആരോപിച്ചാണ് പ്രതിഷേധിച്ചത്. ഉദ്യോഗസ്ഥർ എത്തുമെന്ന് ഉറപ്പ് ലഭിച്ചതോടെ റോഡ് ഉപരോധം പൊലിസ് ഇടപെട്ട് അവസാനിപ്പിച്ചു.
Tags : Nattuvishesham Districtnews Deepikanews Landslide occurs