കേരളത്തിലെ വള്ളംകളി സീസണ് തുടക്കമിട്ട് ചമ്പക്കുളം മൂലംവള്ളംകളി 29ന് പമ്പയാറ്റിൽ നടക്കും. മിഥുന മാസത്തിലെ മൂലം നാളിൽ നടക്കുന്ന ജലമേളയോടെ മലയാളക്കര തിരുവോണത്തിന് ഒരുങ്ങിത്തുടങ്ങുകയാണ്. മൂലക്കാഴ്ചയെന്ന പേരിൽ അറിയപ്പെട്ടിരുന്ന ജലമേളയാണ് പിന്നീട് മൂലം വള്ളംകളിയായത്.
ശ്രീകൃഷ്ണവിഗ്രഹവുമായി മൂലംനാളിൽ ചെമ്പകശേരി രാജാവ് നടത്തിയ ജലഘോഷയാത്രയെ അനുസ്മരിക്കുന്ന ആഘോഷമാണ് നാല് നൂറ്റാണ്ടിലേറെ പഴക്കമുള്ള ജലമേള. തിരു-കൊച്ചി രാജപ്രമുഖനായിരുന്ന ചിത്തിര തിരുനാൾ മഹാരാജാവ് 1952-ൽ വള്ളംകളി കാണാനെത്തി. ഒന്നാം സ്ഥാനം നേടുന്ന ചുണ്ടന് അദ്ദേഹം ഏർപ്പെടുത്തിയതാണ് രാജപ്രമുഖൻ ട്രോഫി.
മത്സരത്തിനു മുന്പേ അമ്പലപ്പുഴ പാൽപ്പായസവുമായെത്തുന്ന സംഘം ചമ്പക്കുളത്തെ മാപ്പിളശേരി വീട്ടിലെത്തി പ്രാർഥിക്കുന്നതുൾപ്പെടെ പുറംലോകമധികമറിയാത്ത ചരിത്രമുണ്ട് ഈ ജലമേളയ്ക്ക്... അതേക്കുറിച്ച് പറയാം, വിശദമായി.
ചമ്പക്കുളത്തെ ക്രിസ്ത്യൻ തറവാടായ മാപ്പിളശേരിയിൽ നിന്ന് കല്ലൂർക്കാട് പള്ളിവഴി നെൽപ്പുരക്കടവ് വരെയും അവിടെനിന്ന് അമ്പലപ്പുഴ ക്ഷേത്രക്കടവിലേക്കും നടന്ന വിഗ്രഹ ഘോഷയാത്രയുടെ ആണ്ടുതോറുമുള്ള ഓർമ പുതുക്കലാണ് ഓരോ മൂലം വള്ളം കളിയും. ക്രിസ്തുവർഷം 1545-ൽ അതായത് കൊല്ലവർഷം 720, മിഥുനം മാസത്തിലെ മൂലംനാളിൽ തുടങ്ങിയ ഈ വള്ളംകളി ഇന്നും മുടക്കമില്ലാതെ തുടരുന്നു.
അമ്പലപ്പുഴ, കരിങ്കുളം മഠം
ക്ഷേത്രങ്ങളും വള്ളംകളിയും
ചമ്പക്കുളവും കുട്ടനാടും ഉൾപ്പെടുന്ന പ്രദേശങ്ങൾ ഭരിച്ചിരുന്നത് ചെമ്പകശേരി രാജാക്കൻമാരായിരുന്നു. മലയാള വർഷം (കൊല്ലവർഷം) 720-ൽ അതായത് ക്രിസ്തുവർഷം1545-ൽ ചെമ്പകശേരി ഭരിച്ചിരുന്നത് പൂരാടം തിരുനാൾ ദേവനാരായണനാണ്. അദ്ദേഹം അമ്പലപ്പുഴയിൽ ക്ഷേത്രം നിർമിച്ചു.
ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാൻ നിശ്ചയിച്ച കൃഷ്ണവിഗ്രഹം അനുയോജ്യമല്ലെന്ന് പ്രശ്നത്തിൽ തെളിഞ്ഞു. പുതിയ വിഗ്രഹം നിശ്ചയിക്കപ്പെട്ട സമയത്തു പ്രതിഷ്ഠിക്കുകയും വേണം. തിരക്കിട്ട അന്വേഷണത്തിനൊടുവിൽ ചങ്ങനാശേരിക്ക് സമീപം കുറിച്ചി കരിങ്കുളം ക്ഷേത്രത്തിൽ ലക്ഷണമൊത്തൊരു കൃഷ്ണവിഗ്രഹം ഉണ്ടെന്നറിഞ്ഞു.
കുറിച്ചിയിലെ വിഗ്രഹം ശ്രീകൃഷ്ണൻ അർജുനന് നേരിട്ട് സമ്മാനിച്ചതാണെന്നാണ് ഐതിഹ്യം. ചെമ്പകശേരി രാജാവിന്റെ സൈന്യം ജലവാഹനങ്ങളിൽ കുറിച്ചിയിലെത്തി വിഗ്രഹം കടത്തിക്കൊണ്ടു പോന്നു. പമ്പാനദിയിലൂടെ ചമ്പക്കുളത്തെത്തിയപ്പോൾ സന്ധ്യമയങ്ങി. പിന്നെയും പലനാഴിക യാത്ര ചെയ്താലേ അമ്പലപ്പുഴയിലെത്തൂ.
അസമയത്തുള്ള യാത്ര ഒഴിവാക്കാൻ പടനായകർ ഒരു തീരുമാനത്തിലെത്തി. ചമ്പക്കുളത്തെ പുരാതന ക്രിസ്ത്യൻ തറവാടായ മാപ്പിളശേരിയിൽ വിഗ്രഹം ഇറക്കിവയ്ക്കാം. പിറ്റേന്ന് രാവിലെ ചമ്പക്കുളം കല്ലൂർക്കാട് പള്ളി വഴി മഠം ദേവീക്ഷേത്രത്തിലെത്തിച്ച് പ്രഭാത പൂജകൾ നടത്തി, അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് വിഗ്രഹമെത്തിച്ചു. ഇതായിരുന്നു ആദ്യത്തെ മൂലം വള്ളംകളി.
അമ്പലപ്പുഴ ക്ഷേത്രം, കുറിച്ചി കരിങ്കുളം ക്ഷേത്രം, മഠം ദേവീക്ഷേത്രം (നെൽപ്പുര മഠം) എന്നിവ മൂലം ജലോത്സവത്തിന്റെ ആരംഭത്തിന് കാരണമായ ക്ഷേത്രങ്ങളാണ്. മുൻകാലങ്ങളിൽ മൂലം ജലോത്സവത്തിൻന്റെ സമ്മാനങ്ങൾ വിതരണം ചെയ്തിരുന്നത് നെടുമുടി പഞ്ചായത്ത് ഓഫീസിനോടു ചേർന്നുള്ള മഠംക്ഷേത്രത്തിന്റെ മുന്നിലെ പന്തലിലായിരുന്നു.
എന്നാൽ,നിലവിൽ സമ്മാനദാനവും ഫിനിഷിംഗ് പോയിന്റിലെ പവലിയനിലാക്കി. അമപപ്പുഴ ക്ഷേത്രത്തെയും കുറിച്ചി കരിങ്കുളം ക്ഷേത്രത്തെയും നെല്പുര മഠം ക്ഷേത്രത്തെയും ഓർക്കാതെ മൂലം സ്മരണകൾ കടന്നുപോകില്ല.
സ്പീഡ് ബോട്ടുകൾക്ക് നിയന്ത്രണം
29ന് നടക്കുന്ന ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവത്തിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് പമ്പാനദിയിൽ ചമ്പക്കുളം മാപ്പിളശേരി കടവ് മുതൽ ഫിനിഷിംഗ് പോയിന്റ് വരെയുള്ള മത്സരട്രാക്കുകളിൽ സ്പീഡ് ബോട്ടുകൾ പ്രവേശിക്കാൻ പാടുള്ളതല്ലെന്ന് രജിസ്റ്ററിംഗ് അഥോറിറ്റി കൂടിയായ തുറമുഖ ഓഫീസർ അറിയിച്ചു. സംഘാടകസമിതിയുടെ അനുവാദമില്ലാതെ ട്രാക്കിൽ അതിക്രമിച്ചു കടക്കുന്ന ബോട്ടുകൾക്കെതിരേ നിയമപ്രകാരം കർശന നടപടി സ്വീകരിക്കും.
പ്രാദേശിക അവധി നൽകണമെന്ന്
മങ്കൊമ്പ്: ചമ്പക്കുളം മൂലം ജലോത്സവദിനമായ 29ന് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി നൽകണമെന്ന് കേരളാ യൂത്ത് ഫ്രണ്ട് (എം) കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിലെ തന്നെ ആദ്യത്തെ ജലോത്സവമായ മൂലം വള്ളംകളിയുടെ ചരിത്ര, പൈതൃക പ്രാധാന്യം മനസിലാക്കി ജനങ്ങൾക്ക് വള്ളംകളി ആസ്വദിക്കാൻ വേണ്ട സൗകര്യവും പ്രദേശികമായ അവധിയും സർക്കാർ അനുവദിയ്ക്കണമെന്ന് ഉദ്ഘാടനം ചെയ്ത നിയോജകമണ്ഡലം പ്രസിഡന്റ് സിജോ വർഗീസ് തെക്കേടം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ്മാരായ മിഥുൻ റെജി, ജെറിൻ പോൾ, ജിബിൻ വർഗീസ്, മിലൻ റെജി എന്നിവർ പ്രസംഗിച്ചു.
Tags : the boats... Nattuvishesham Districte news