മാക്കേകടവ്-നേരേകടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം പുരോഗമിക്കുന്നു.
വൈക്കം: ചേർത്തല-വൈക്കം താലൂക്കുകളെ ബന്ധിപ്പിച്ച് വേമ്പനാട്ടുകായലിലെ നേരേകടവ്- മാക്കേകടവ് കടത്തിൽ നിർമിക്കുന്ന പാലം സെപ്റ്റംബർ അവസാനത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കും. അപ്രോച്ച് റോഡിന്റെയും സംരക്ഷണ ഭിത്തിയുടെയും ജോലികളാണ് നിലവിൽ പുരോഗമിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.
വേമ്പനാട്ടുകായലിന് കുറുകെ 800 മീറ്റർ നീളത്തിൽ നിർമിച്ച പാലത്തിന് 11.23 മീറ്റർ വീതിയും 22 സ്പാനുകളുമുണ്ട്. പാലത്തിന്റെ പെയിന്റിംഗ് ജോലികളും നടക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിൽ പോയതിനാൽ അടുത്തിടെ പാലം നിർമാണം മന്ദഗതിയിലായിരുന്നു.
അപ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കവും നിർമാണം വൈകിച്ചു. പാലം പൂർത്തിയാകുമ്പോൾ പദ്ധതി ചെലവ് 100 കോടിയോളം രൂപയാകുമെന്നാണ് കണക്കാക്കുന്നത്.
Tags : Local News Nattuvishesham Kottayam