തോട്ടപ്പള്ളി സ്പില്വേ ഷട്ടറുകളില് അടിഞ്ഞുകൂടിയ മാലിന്യക്കൂമ്പാരം.
അമ്പലപ്പുഴ: കിഴക്കന് വെള്ളത്തിന്റെ കുത്തൊഴുക്കില് എത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും തടിയും മുളകളും തോട്ടപ്പള്ളി സ്പില്വേ ഷട്ടറുകളില് അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെടുന്നു. മുകളില് അടിഞ്ഞൂടുന്ന മാലിന്യങ്ങള് ഇറിഗേഷന് വകുപ്പിന്റെ നേതൃത്വത്തില് ഹിറ്റാച്ചികളും മറ്റും ഉപയോഗിച്ച് ഒഴിവാക്കുന്നുണ്ടെങ്കിലും ഷട്ടറുകളുടെ അടിഭാഗത്തും കൂറ്റന്തടികള് നീരൊഴുക്കിന് തടസമാകുകയാണ്.
തിങ്കളാഴ്ച രാത്രിയോടെ അടിഞ്ഞുകൂടിയ ടൺ കണക്കിന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കടലിലേക്ക് തള്ളിവിട്ടിരുന്നു. ഉരുൾപൊട്ടിയും ഡാമുകൾ തുറന്നും കിഴിക്കൻ വെള്ളത്തിന്റെ വരവ് ക്രമാതീതമായി വർധിച്ചതോടെ ദേശീയ ജലപാത വഴിയും ടിഎസ് കനാലിലൂടെയും ഒഴുകിയെത്തുന്ന വെള്ളം തോട്ടപ്പള്ളി സ്പിൽവേ വഴിയാണ് കടലിൽ പതിക്കുന്നത്.
സ്പിൽവേയിലെ 40 ഷട്ടറുകളിൽ കേടായ ഒരണ്ണമൊഴികെ 39 ഷട്ടറുകളിലൂടെയാണ് വെള്ളം കടലിലേക്ക് ഒഴുക്കുന്നത്. ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ എന്നിവരുടെ നേതൃത്വത്തിൽ തിങ്കൾ രാത്രി 12 ഓടെ ഹിറ്റാച്ചി ഉപയോഗിച്ചാണ് അടിഞ്ഞുകൂടിയ മാലിന്യങ്ങൾ കടലിലേക്ക് ഒഴുക്കിവിട്ടത്.