മാള: ചരിത്രപ്രസിദ്ധമായ ജൂത സിനഗോഗ് കെട്ടിടത്തിന്റെ സംരക്ഷണത്തിലെ അനാസ്ഥസംബന്ധിച്ച പരാതിയിന്മേൽ മറുപടി നൽകി. പൊതുപ്രവർത്തകൻ ഷാന്റി ജോസഫ് തട്ടകത്ത് ജില്ലാ കളക്ടർക്ക് നൽകിയ പരാതിക്ക് സംരക്ഷണച്ചുമതലയുള്ള മുസിരിസ് പ്രൊജക്റ്റ്സ് ലിമിറ്റഡിന്റെ എംഡിയാണ് വിശദീകരണം നൽകിയത്.
കേരള പുരാവസ്തു വകുപ്പിന്റെ സംരക്ഷിതസ്മാരക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മാള ജൂത സിനഗോഗിന്റെ സമഗ്ര സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (സിൽക്)നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നുമാണ് മുസിരിസ് എംഡി അറിയിച്ചത്.
കഴിഞ്ഞവർഷം ജൂൺ 12 നാണ് സിനഗോഗ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണത്. ഒരുവർഷമായി കാര്യമായ നിർമാണ പ്രവർത്തനങ്ങൾ നടക്കാത്ത സാഹചര്യവും ചൂണ്ടിക്കാട്ടി അന്വേഷണവും കെട്ടിടത്തിന്റെ പൈതൃകമൂല്യം സംരക്ഷിക്കുന്നതിനായി അടിയന്തര ശാസ്ത്രീയ പുനരുദ്ധാരണം നടത്തണമെന്നാവശ്യപ്പെട്ടുള്ള പരാതി നൽകിയതിനെ തുടർന്നാണ് മുസിരീസ് പ്രൊജക്ട് ലിമിറ്റഡിനോട് കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടത്.
അതേസമയം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതിനാൽ ഏകദേശം ഒരുമാസത്തോളം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിൽ കാലതാമസം നേരിട്ടതായി മുസിരിസ് പ്രൊജക്ട്സ് ലിമിറ്റഡ് വിശദീകരിച്ചു. സിനഗോഗിന്റെ മേൽക്കൂര പുനർനിർമിക്കുന്നതിനാവശ്യമായ തേക്കുതടികൾ സംഭരിച്ച ശേഷമേ മേൽക്കൂര സംബന്ധമായ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുകയുള്ളുവെന്നും അറിയിച്ചു. മേൽക്കൂരയുടെ പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കാൻ നിർമാണ ഏജൻസിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ആവശ്യമായ തടികളുടെ സംഭരണവും മരപ്പണികളും പൂർത്തിയാക്കുന്നതിനോടൊപ്പം കെട്ടിടത്തിന്റെ മറ്റ് അറ്റകുറ്റപ്പണികളും സമയബന്ധിതമായി നിർവഹിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഏജൻസി അറിയിച്ചതായി കത്തിൽ പറയുന്നു.
ജൂത സിനഗോഗിന്റെ സംരക്ഷണം, പുനരുദ്ധാരണം, വികസനം എന്നിവയിൽ മുസിരിസ് പ്രൊജക്ട്സ് ലിമിറ്റഡ് പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും മാനേജിംഗ് ഡയറക്ടർ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭിച്ചിട്ടുണ്ടെന്നും അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തിനും ജില്ല കളക്ടർക്കും പരാതിനൽകിയെങ്കിലും പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കാതിരുന്നതിനെ തടർന്നാണ് മേൽക്കൂര തകർന്നു വീണത്. മേൽക്കൂര തകർന്ന സംഭവവും പുനർനിർമാണ പ്രവർത്തനങ്ങളിലെ ക്രമക്കേടുകളും സംബന്ധിച്ച് വിജിലൻസ് അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഷാന്റി ജോസഫ് തട്ടകത്ത് പറഞ്ഞു.
Tags : Synagogue Nattuvishesham District News