ഫുട്ബോൾ ടൂർണമെന്റ് ലോഗോ
മലപ്പുറം: ആലുവ നഗരസഭ സ്റ്റേഡിയത്തിൽ നടക്കുന്ന 24-ാമത് മാർ അത്തനേഷ്യസ് ട്രോഫി അഖിലേന്ത്യാ ഇന്റർ സ്കൂൾ ഇൻവിറ്റേഷൻ ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ മലപ്പുറം ടീമുകൾ മുഖാമുഖം. കേരളത്തിനകത്തും പുറത്തുമുള്ള മികച്ച 16 സ്കൂൾ ടീമുകൾ മാറ്റുരച്ച മത്സരത്തിന്റെ ഫൈനലിൽ ഇന്ന് മലപ്പുറം എംഎസ്പി ഹയർ സെക്കൻഡറി സ്കൂൾ ടീമും നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ചേലേന്പ്രയും തമ്മിൽ ഏറ്റുമുട്ടും.
വൈകുന്നേരം 4.30നാണ് മത്സരം. ഇത്തവണ മലപ്പുറം ജില്ലയിലെ അഞ്ച് സ്കൂൾ ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ടൂർണമെന്റിൽ ജില്ലാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പ്രാതിനിധ്യവും മലപ്പുറത്തിനായിരുന്നു. മികച്ച പോരാട്ടത്തിലൂടെ മലപ്പുറത്തെ രണ്ടു സ്കൂൾ ടീമുകൾ ഫൈനലിലെത്തിയത് ജില്ലയുടെ ഫുട്ബോളിന്റെ യശസ് ഉയർത്തുന്നതാണ്.
സെമിയിൽ ആരാഫ ഇംഗ്ലീഷ് സ്കൂൾ തൃശൂരിനെ ടൈബ്രേക്കറിൽ തോൽപ്പിച്ചാണ് ചേലേന്പ്ര എൻഎൻഎം ഹയർ സെക്കൻഡറി സ്കൂൾ ഫൈനലിലെത്തിയത്. രണ്ടാം സെമിയിൽ മലപ്പുറം എംഎസ്പി സ്കൂൾ ഏകപക്ഷീയമായ ഒരു ഗോളിന് അത്താണിക്കൽ എംഐസി ഹയർ സെക്കൻഡറി സ്കൂളിനെ കീഴടക്കിയാണ് കലാശക്കളിക്ക് യോഗ്യത നേടിയത്. രണ്ടു സെമി ഫൈനലും ആവേശകരമായിരുന്നു.
കഴിഞ്ഞയാഴ്ച കോയന്പത്തൂരിൽ നടന്ന ശ്രീനാരായണഗുരു ട്രോഫി ഫുട്ബോൾ ഫൈനലിൽ ചേലേന്പ്ര സ്കൂളിനെ ഒരു ഗോളിന് തോൽപ്പിച്ച് എംഎസ്പി സ്കൂൾ ജേതാക്കാളായിരുന്നു. ഏതാനും ദിവസത്തിനുശേഷം വീണ്ടും ഇവർ ഇന്ന് മുഖാമുഖം വരികയാണ്. മാർ അത്തനേഷ്യസ് ട്രോഫി ടൂർണമെന്റിൽ നേരത്തെ മൂന്നുതവണ ജേതാക്കളായിരുന്നു മലപ്പുറം എംഎസ്പി സ്കൂൾ ടീം. ചേലേന്പ്ര സ്കൂൾ രണ്ടുതവണയും വിജയികളായി. ഫൈനലിൽ ഇവർ ആദ്യമായാണ് ഏറ്റുമുട്ടുന്നത്. സ്പോർട്സ് കൗണ്സിൽ കോച്ച് സി.കെ. അതുൻ ആണ് എംഎസ്പിയുടെ പരശീലകൻ. ചേലേന്പ്ര സ്കൂളിന്റെ കോച്ച് മൻസൂർ അലിയും.
’
Tags : A Malappuram-style battle in Aluva Malappuram-style NattuVishesham DistrictNews