ഓറഞ്ച് ദ വേൾഡ്’ കാന്പയിൻ മാരത്തോണ്‍
മലപ്പുറം: സ്ത്രീകൾക്കും പെണ്‍കുട്ടികൾക്കുമെതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കണമെന്ന സന്ദേശമുയർത്തി മലപ്പുറം കോട്ടക്കുന്നിൽ മാരത്തോണ്‍ സംഘടിപ്പിച്ചു. "ഓറഞ്ച് ദ വേൾഡ്’ അന്താരാഷ്ട്ര പ്രചാരണ പരിപാടിയുടെ ഭാഗമായി ജില്ലാ വനിതാ ശിശുവികസന ഓഫിസും ജില്ലാ സങ്കൽപ് ഹബ് ഫോർ വിമൻ എംപവർമെന്റും സംയുക്തമായാണ് പരിപാടി ഒരുക്കിയത്. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ മാരത്തോണ്‍ ഫ്ളാഗ് ഓഫ് ചെയ്തു. സ്ത്രീകൾക്കും പെണ്‍കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുക, അതിജീവിതർക്ക് നീതിയും സംരക്ഷണവും ഉറപ്പാക്കുക, കുറ്റവാളികൾ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്ന സാഹചര്യം ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെ നവംബർ 25 മുതൽ ഡിസംബർ 10 വരെയാണ് ബോധവത്കരണ പ്രചാരണം നടക്കുന്നത്.
ഗാർഹിക പീഡന നിരോധന ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ശൈശവ വിവാഹം, സ്ത്രീധനം, ഗാർഹിക പീഡനം എന്നിവയ്ക്കെതിരേ ഒപ്പുശേഖരണവും സ്ത്രീധന നിരോധന പ്രതിജ്ഞയും നടന്നു. ജില്ലാ വനിതാ ശിശുവികസന ഓഫിസർ എസ്.എൽ. ശ്യാം ശങ്കർ പരിപാടിക്ക് നേതൃത്വം നൽകി. ഫ്രണ്ട്സ് കോട്ടക്കുന്ന് കൂട്ടായ്മയിലെ അംഗങ്ങൾ, വനിതാ ശിശുവികസന വകുപ്പ് ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കാളികളായി.
Tags : Marathon against violence towards women Marathon NattuVishesham DistrictNews