പ്രതീകാത്മക ചിത്രം
മലപ്പുറം: ഉത്സവങ്ങൾക്കും നേർച്ചകൾക്കുമുള്ള ആന എഴുന്നള്ളിപ്പിനിടെ പൊതുജനങ്ങൾ അനധികൃതമായി ആനപ്പുറത്ത് കയറുന്നത് തടയാൻ കർശന നടപടികൾ സ്വീകരിക്കും.
ഉത്സവങ്ങളിലും ആഘോഷങ്ങളിലും നാട്ടാനകളെ എഴുന്നള്ളിക്കുന്നതിന് അനുമതി നൽകുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനുമായുള്ള മലപ്പുറം ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ആനപാപ്പാൻമാർ മാത്രമേ ആനപ്പുറത്ത് കയറാൻ പാടുള്ളൂ.
മറ്റുള്ളവർ അനധികൃതമായി ആനപ്പുറത്ത് കയറുന്നത് നിയമലംഘനമാണ്. ഇത് കർശനമായി നിയന്ത്രിക്കുന്നതിനും കേരള നാട്ടാന പരിപാലന ചട്ടം 2012, മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം 1960 തുടങ്ങിയവ പ്രകാരം നടപടി സ്വീകരിക്കുന്നതിനും യോഗം നിർദേശം നൽകി. മതപരമായ ചടങ്ങുകളുടെ ഭാഗമായി വെഞ്ചാമരം വീശുക, തിടന്പേറ്റുക, ആലവട്ടം തുടങ്ങിയവ നടത്തുന്നതിന് ബന്ധപ്പെട്ട കമ്മിറ്റികൾ പ്രത്യേക അനുമതി നേടണം.
സുരക്ഷ ഉറപ്പാക്കുന്നതിനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മലപ്പുറം സാമൂഹ്യ വനവത്ക്കരണ വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സർവേറ്റർ അറിയിച്ചു.
Tags : Restrictions on mounting the elephant elephant NattuVishesham DistrictNews