നേമം : പാപ്പനംകോട് ഗവ. ഹൈസ്കൂളിന്റെ വികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് രാജീവ് ചന്ദ്രശേഖർ. ഇന്നലെ സ്കൂൾ സന്ദർശിച്ച ശേഷമാണ് എംഎൽഎ പ്രഖ്യാപനം നടത്തിയത്. എസ്റ്റേറ്റ് വാർഡ് കൗൺസിലർ ആർ. അഭിലാഷ്, അസിസ്റ്റന്റ് എഡ്യൂക്കേഷണൽ ഓഫീസർ, സ്കൂൾ ഹെഡ്മിസ്ട്രസ് എന്നിവരും സന്നിഹിതരയായിരുന്നു.
സ്കൂളിലെ ക്ലാസ് മുറികൾ, പഠന സൗകര്യങ്ങൾ, അടിസ്ഥാന സംവിധാനങ്ങൾ എന്നിവ അദ്ദേഹം നേരിട്ട് പരിശോധിച്ചു. വിദ്യാർഥികൾക്ക് മെച്ചപ്പെട്ട പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി അടിയന്തരമായി നടപ്പിലാക്കേണ്ട വികസന കാര്യങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ എഇഒ, അധ്യാപകർ, രക്ഷകർതൃ സമിതി പ്രതിനിധികൾ, മറ്റ് സ്കൂൾ അധികൃതർ എന്നിവരുമായി അദ്ദേഹം വിശദമായി ചർച്ച നടത്തി. രണ്ടുഘട്ടങ്ങളായുള്ള മാസ്റ്റർ പ്ലാൻ തയാറാക്കും. സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾ കൃത്യമായ പ്ലാനിംഗോടെ നിർവഹിക്കുന്നതിനായി, രാജീവ് ചന്ദ്രശേഖർ മാസ്റ്റർ പ്ലാൻ തയാറാക്കാൻ നിർദ്ദേശം നൽകി.
ഒന്നാംഘട്ടമായി സ്കൂളിൽ അടിയന്തരമായി ചെയ്യേണ്ട എല്ലാ അടിസ്ഥാന സൗകര്യ വികസനവും നവീകരണ സിവിൽ പ്രവൃത്തികളും പൂർത്തിയാക്കും. രണ്ടാംഘട്ടത്തിൽ വിദ്യാർഥികൾക്ക് കായിക പരിശീലനത്തിനും മറ്റ് പ്രവർത്തനങ്ങൾക്കുമായി ഗ്രൗണ്ട് സൗകര്യം സജ്ജമാക്കുക. പാപ്പനംകോട് ഗവ. ഹൈസ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ മികച്ച നിലവാരത്തിലേക്ക് ഉയർത്തുന്നതിനും വിദ്യാർഥികൾക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ പിന്തുണയും ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.