കിടക്കനിര്മാണ ഫാക്ടറിയില് തീപിടിച്ചത് ഫയര്ഫോഴ്സ് അണയ്ക്കുന്നു.
തൊടുപുഴ: കിടക്ക നിര്മാണ കമ്പനിയില് വന് തീപിടിത്തത്തെത്തുടര്ന്ന് കോടികളുടെ നാശനഷ്ടം. കോലാനി പഞ്ചവടിപ്പാലത്തിന് സമീപമുള്ള കിടക്കനിര്മാണ സ്ഥാപനത്തിലാണ് ഇന്നലെ രാവിലെ 8.30ന് തീപിടിത്തമുണ്ടായത്. അവധിയായതിനാല് ജീവനക്കാരില്ലാതിരുന്നതുകൊണ്ട് ആളപായം ഒഴിവായി. അറ്റകുറ്റപ്പണികള്ക്കായി ചില തൊഴിലാളികള് മാത്രമാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ഇവരാണ് തീപിടിച്ച വിവരം ആദ്യം അറിഞ്ഞതും അധികൃതരെ അറിയിച്ചതും.
ഫാക്ടറിയുടെ ഒരു ഭാഗം കത്തിനശിച്ചു. വിവിധ വിഭാഗങ്ങളിലായി നിരവധി പേര് ജോലിചെയ്യുന്ന സ്ഥാപനമാണിത്. ഇവയില് കിടക്ക നിര്മാണം നടക്കുന്നിടത്താണ് തീപിടിച്ചത്.
കിടക്ക നിര്മിക്കുന്ന യന്ത്രങ്ങളും ചകിരി, സ്പോഞ്ച് അടക്കമുള്ളവയും കത്തിനശിച്ചു. ഷീറ്റ് മേല്ക്കൂര തകര്ന്നുവീണു. കെട്ടിടത്തിന് മറ്റു കേടുപാടുകളുമുണ്ട്. വയറിംഗും കത്തിനശിച്ചു. ഷോര്ട്ട് സര്ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
രണ്ട ു കോടിയോളം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. തൊടുപുഴ, കൂത്താട്ടുകുളം, കലൂർക്കാട്, മൂലമറ്റം എന്നിവിടങ്ങില്നിന്ന് അഗ്നിരക്ഷാസേന യൂണിറ്റുകളെത്തി മണിക്കൂറുകള് നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. സ്പോഞ്ചും ചകിരിയുമുണ്ടായിരുന്നതിനാല് തീയണയ്ക്കാന് ഏറെ സമയമെടുത്തു.
Tags : fire NattuVishasham DistrictNews