രാമപുരം ജെംസ്കോളജ് ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ മാവേലി എത്തിയപ്പോൾ.
രാമപുരം: ആകാശക്കാഴ്ചകളുടെ വിരുന്നൊരുക്കി രാമപുരം ജെംസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ (ഓട്ടോണമസ്) ഓണാഘോഷം. ഹെലികോപ്ടറിൽ വന്നിറിങ്ങിയ മാവേലിയും പാരാമോട്ടോറിലെ അഭ്യാസവും വിസ്മയം തീർത്തു. ഓണാഘോഷ പരിപാടികളുടെ ഭാഗമായി കഴിഞ്ഞ വർഷവും ജെംസ് കോളജ് ഹെലികോപ്ടറിൽ മാവേലിയെ ആനയിച്ചിരുന്നു. ഇത്തവണയും മാവേലി ഹെലികോപ്ടറിൽ ജെംസ് മൈതാനത്തെത്തി.
ഉച്ചയ്ക്ക് 1.10നാണ് ബംഗളുരു ആസ്ഥാനമായുള്ള സാൻ എയർവേസിന്റെ വിടി-ഐഎസ്ജി ഹെലികോപ്റ്റർ നിലംതൊട്ടത്. ഗ്രൗണ്ട് ക്ലിയറൻസും എയർപോർട്ട് അഥോറിറ്റി, പൊലിസ് എന്നിവയുടെ അനുമതിയും കോളജ് ഉറപ്പാക്കിയിരുന്നു. പെരിന്തൽമണ്ണ എംഇഎസ് ഗ്രൗണ്ടിൽനിന്നാണ് ഹെലികോപ്ടർ രാമപുരം ജെംസിന്റെ മൈതാനത്തെത്തിയത്. വിദ്യാർഥികൾ ആവേശത്തോടെ മാവേലിയെ വരവേറ്റു. ആഘോഷത്തന് മാറ്റുകൂട്ടാൻ പാരാമോട്ടോറും ജെംസിൽ എത്തിയിരുന്നു.
പാരാഗ്ലൈഡർ ഇൻസ്ട്രക്ടറായ കണ്ണൂർ സ്വദേശി ദിലുരാജാണ് അഞ്ചുകിലോമീറ്റർ ദൂരം പാരാമോട്ടോറിൽ സഞ്ചരിച്ച് ജെംസിൽ ഇറങ്ങിയത്. ആകാശത്ത് പാരാമോട്ടോറിലെ അഭ്യാസപ്രകടനങ്ങളും ഹെലികോപ്ടറിൽ മാവേലിയുടെ വരവും ഓണാഘോഷത്തിന്റെ ആരവം ഇരട്ടിപ്പിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കള മത്സരം, കലം പൊട്ടിക്കൽ, കസേരകളി, ലെമണ്‍ സ്പൂണ്‍, വടംവലി, കന്പവലി, പുലിക്കളി തുടങ്ങിയവയും നടത്തി.
Tags : Nattuvishesham District News Maveli flew and landed paramotor