കൊല്ലം: കൊല്ലം –കോട്ടയം –എറണാകുളം, കൊല്ലം– ആലപ്പുഴ– എറണാകുളം, കൊല്ലം–തിരുവനന്തപുരം–കന്യാകുമാരി പാതകളിൽ കൂടുതൽ മെമു സർവീസ് ആരംഭിക്കണമെന്ന യാത്രക്കാരുടെ നിരന്തരആവശ്യം കണ്ടില്ലെന്ന് നടിച്ച് റെയിൽവേ. യാത്രയ്ക്കു ട്രെയിനിനെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം അനുദിനം വർധിച്ചിട്ടും പുതിയ സർവീസുകളുടെ സാധ്യത തിരുവനന്തപുരം റെയിൽവേ ഡിവിഷൻ പരിശോധിക്കുന്നില്ല.
ചെറിയതും ഇടത്തരവുമായ സ്റ്റേഷനുകളെ ആശ്രയിക്കുന്നവരാണ് മെമു സർവീസ് കൂടുതൽ ആവശ്യപ്പെടുന്നത്. നിലവിൽ ട്രെയിനുകളിൽ നിന്നുതിരിയാൻ ഇടമില്ലാതെ യാത്രക്കാർ കുഴഞ്ഞുവീഴുന്നതടക്കം പതിവാണ്. ഇതിനു ശാശ്വത പരിഹാരം മെമു സർവീസാണ്. പുലർച്ചെ 4.20ന് കൊല്ലത്തുനിന്ന് കോട്ടയം വഴി എറണാകുളത്തിന് മെമു പോയാൽ പിന്നെയുള്ളത് രാവിലെ ഏട്ടിനും 11നും 2.40നുമാണ്. പിന്നെ മണിക്കൂറുകള് മെമു ഇല്ല. രാത്രിയിൽ 9.05നുള്ള മെമുവിന്റെ സമയം 9.30ആയി മാറ്റണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടിട്ടും റെയിൽവേ അനങ്ങുന്നില്ല.
ആലപ്പുഴയ്ക്ക് കൊല്ലത്തുനിന്ന് ആകെയുള്ള മെമു സർവീസ് പുലർച്ചെ 3.45ന് പുറപ്പെടുന്ന വണ്ടി മാത്രം. കൂടുതൽ യാത്രാക്ലേശം അനുഭവിക്കുന്ന റൂട്ടാണിത്. രാവിലെ ആലപ്പുഴ വഴി ഗുരുവായൂർ–തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് പോയി കഴിഞ്ഞാൽ പിന്നെ തിരുവനന്തപുരത്തേക്കു സർവീസില്ല. വൈകുന്നേരം ഇന്റർസിറ്റി തിരികെ പോയിക്കഴിഞ്ഞാൽ ഹരിപ്പാട്, ആലപ്പുഴ, ചേർത്തല ഭാഗത്തേക്കും ട്രെ
യിനില്ല. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തിന് മെമു സർവീസുള്ളത് പകല് 11.35ന് മാത്രം. 8.18ന് വഞ്ചിനാട് എക്സ്പ്രസ് പോയിക്കഴിഞ്ഞാൽ പിന്നെ തിരുവനന്തപുരത്തിന് വണ്ടിയുള്ളത് 9.48നുള്ള ചെന്നൈ എക്സ്പ്രസ് മാത്രം. ഒരു മണിക്കൂർ 30 മിനിറ്റാണ് തലസ്ഥാന നഗരിയിലേക്ക് ട്രെയിൻ ഇല്ലാത്തത്.
10.13ന് എത്തേണ്ട കന്യാകുമാരി എക്സ്പ്രസ് എത്തുന്നത് മിക്കപ്പോഴും തോന്നിയപോലെയും. പിന്നെയുള്ളത് 11.35ന്റെ മെമുവും ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞെത്തുന്ന ജനശതാബ്ദി എക്സ്പ്രസും. ചുരുക്കത്തിൽ രാവിലെ തിരുവനന്തപുരത്തിന് വലിയ യാത്രാക്ലേശമാണ് അനുഭവപ്പെടുന്നത്. വൈകുന്നേരം തിരുവനന്തപുരത്തുനിന്ന് ഇതേ അവസ്ഥയാണുള്ളത്. സാധാരണ ദിവസങ്ങളിൽ രാത്രി ഒന്പതുകഴിഞ്ഞാൽ തിരുവനന്തപുരത്തുനിന്ന് കൊല്ലം, കായംകുളം, എറണാകുളം ഭാഗത്തേക്ക് ട്രെയിനില്ല. ആഴ്ചയിൽ രണ്ടുദിവസം മംഗളൂരു അന്ത്യോദയ സർവീസുണ്ട്. ഈ ട്രെയിനിന് ജില്ലാ കേന്ദ്രങ്ങളിൽ മാത്രമാണ് സ്റ്റോപ്പുള്ളത്.
കൊല്ലത്തുനിന്ന് കന്യാകുമാരിക്ക് കൂടുതൽ മെമു സർവീസ് തുടങ്ങുന്നത് റെയിൽവേയ്ക്കും സാന്പത്തിക നേട്ടമാകും. കന്യാകുമാരിക്ക് സുലഭമായി സർവീസ് ഉണ്ടായാൽ സഞ്ചാരികളുടെ എണ്ണവും വർധിക്കും.
Tags : nattu vishesham MEMU service allowed