കൊച്ചി: കാല്‍നടയാത്രക്കാരായ സ്ത്രീകള്‍ക്ക് പിന്നാലെ പുരുഷന്മാര്ക്കും കുട്ടികള്‍ക്കും റോ റോയില്‍ സൗജന്യയാത്ര ഏര്‍പ്പെടുത്താന്‍ കോര്പറേഷന് ഒരുങ്ങുന്നു. പ്രായ ലിംഗഭേദമില്ലാതെ എല്ലാ കാല്‍നടയാത്രക്കാര്‍ക്കും റോ റോയില്‍ സൗജന്യ യാത്രാ സൗകര്യം ഏര്‍പ്പെടുത്താനുള്ള ഭരണസമിതിയുടെ വാഗ്ദാനത്തിന്റെ ഭാഗമായാണ് പുരുഷന്മാര്ക്കും സൗജന്യയാത്ര ആലോചിക്കുന്നതെന്ന് മേയര്‍ അഡ്വ. വി.കെ. മിനിമോള്‍ പറഞ്ഞു. ക്രമീകരണം എങ്ങനെ ഏര്‍പ്പെടുത്തണമെന്ന കാര്യത്തില്‍ ആലോചനകള്‍ നടക്കുന്നതേയുള്ളൂ. ഒന്നു രണ്ടു പദ്ധതികള്‍ ആലോചനയിലുണ്ടെന്നും മേയര്‍ പറഞ്ഞു.
സ്ത്രീകള്‍ക്ക് ഇപ്പോള്‍ നല്കി വരുന്നതുപോലെ എല്ലാ കാല്‍നടയാത്രക്കാര്‍ക്കും റോ റോയില്‍ സൗജന്യ യാത്ര നല്‍കുകയാണ് ആദ്യ ആലോചന. സൗജന്യയാത്ര ഏര്‍പ്പെടുത്തുന്നതോടെ കാല്‍നടയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായേക്കാമെന്നത് വാഹനയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കുമെന്നതിനാല്‍ ബദല്‍മാര്‍ഗങ്ങളും ആലോചനയിലുണ്ട്.
റോ റോയില്‍ വാഹനങ്ങള്‍ മാത്രം പ്രവേശിക്കാന്‍ അനുവദിച്ച് യാത്രക്കാര്‍ക്കായി ഫോര്‍ട്ട് ക്വീന്‍ ബോട്ട് സര്‍വീസ് പുനരാരംഭിക്കുന്നതാണ് ബദല്‍ പ്ലാനില്‍ ആദ്യത്തേത്. വൈപ്പിന്‍ - ഫോര്‍ട്ട്കൊച്ചി റൂട്ടില്‍ റോ റോ ആരംഭിച്ചശേഷം ഫോര്‍ട്ട് ക്വീന്‍ ബോട്ട് സര്‍വീസ് നടത്തുന്നില്ല. വൈപ്പിന്‍ റോ റോ ജെട്ടിയില്‍ വര്‍ഷങ്ങളായി ബോട്ട് നിര്‍ത്തിയിട്ടിരിക്കുകയാണ്. അറ്റകുറ്റപ്പണികള്‍ നടത്തി സര്‍വീസ് ആരംഭിക്കാനായാല്‍ കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ ബോട്ടില്‍ സൗജന്യമായി യാത്ര ചെയ്യാനാകും.
മൂന്നാമത്തെ റോ റോ കൂടി സര്‍വീസില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സര്‍വീസ് സമയം ദീര്‍ഘിപ്പിക്കുന്നതും ആലോചനയിലുണ്ട്. ആറു മണിക്കൂര്‍ വീതമുള്ള മൂന്ന് ഷിഫ്റ്റുകളായാകും സര്‍വീസ് നടത്തുക. രാവിലെ സര്‍വീസ് ആരംഭിച്ച് 18 മണിക്കൂര്‍ തുടര്‍ച്ചയായി മൂന്നു ഷിഫ്റ്റുകളില്‍ റോ റോ ഓടിക്കും. വിശ്രമവേള ആറു മണിക്കൂര്‍ മാത്രമാക്കി ചുരുക്കും. റോ റോ നടത്തിപ്പ് കരാര്‍ സംബന്ധിച്ച് ധാരണയായ ശേഷമേ ഇതു സംബന്ധിച്ച് തീരുമാനം എടുക്കുകുയുള്ളൂ എന്നും മേയര്‍ പറഞ്ഞു.
സര്‍വീസ് ആരംഭിക്കാതെ മൂന്നാം റോ റോ
ഉദ്ഘാടനം ചെയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും മൂന്നാം റോ റോ സര്‍വീസ് ആരംഭിച്ചിട്ടില്ല. നടത്തിപ്പുകരാര്‍ സംബന്ധിച്ച അനിശ്ചിതത്വം നീളുന്നതാണ് കാരണം. റോ റോ നടത്തിപ്പ് ഏജന്‍സിയായ കെഎസ്ഐഎന്‍സിക്ക് മൂന്നാം റോ റോയുടെ സര്‍വീസ് ഏറ്റെടുക്കണമെങ്കില്‍ ഉപകരാര്‍ തയാറാക്കണം. എന്നാല്‍ കെഎസ്ഐഎന്‍സിക്ക് റോ റോ നടത്തിപ്പ് നല്കാന് കോര്പറേഷന് താല്പര്യമില്ല. പകരം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ഏല്‍പ്പിക്കുകയോ റോ റോ നടത്തിപ്പിന് എസ്പിവി രൂപീകരിക്കുകയോ ആണ് കോര്‍പറേഷന്റെ ആലോചനയിലുള്ളത്.
കരാര്‍ ഏറ്റെടുക്കാനായി സമീപിച്ചപ്പോള്‍ തീരുമാനം അറിയിക്കാന്‍ 15 ദിവസത്തെ സമയം കെഎംആര്‍എല്‍ ആവശ്യപ്പെട്ടു. അവര്‍ വിസമ്മതിച്ചാല്‍ എസ്പിവിയിലേക്ക് ആലോചനകള്‍ നീളും. സ്വകാര്യ ഏജന്‍സിക്ക് കരാർ നല്‍കാനുള്ള ആലോചനകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴതില്ലെന്നും മേയര്‍ പറഞ്ഞു.
സ്ത്രീ ’സൗജന്യ’ത്തിലൂടെ പ്രതിദിനനഷ്ടം 3000 രൂപ
വൈപ്പിന്‍-ഫോര്‍ട്ട്കൊച്ചി റോ റോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഏര്‍പ്പെടുത്തിയതോടെ ഒരു ദിവസത്തെ കോര്‍പറേഷന്റെ വരുമാന നഷ്ടം 3000 രൂപ. ദിവസേന ആയിരത്തോളം സ്ത്രീകള്‍ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. മൂന്നാം റോ റോ ഉദ്ഘാടനം ചെയ്ത, കഴിഞ്ഞ 12 മുതലാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്രയും ആരംഭിച്ചത്. ഇതുവരെ ഏകദേശം 40,000 രൂപയുടെ വരുമാന നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്. പുരുഷന്മാര് ഉള്‍പ്പെടെ എല്ലാ കാല്‍നടയാത്രക്കാര്‍ക്കും സൗജന്യയാത്ര ആരംഭിക്കുന്നതോടെ നഷ്ടം ഇരട്ടിയിലേറെയാകും.
Tags : Nattuvishesham DistrictNews DeepikaNews Ro-Ro