കരിങ്കുന്നം: വൈദ്യുതി കടത്തിവിട്ട് മീന് പിടിക്കുന്നതിനിടെ ഷോക്കേറ്റ് അതിഥിത്തൊഴിലാളി മരിച്ചു.
ആസാം സ്വദേശി ദീപക് ഓറങ്ക് (34) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആസാം സ്വദേശി അതിലിന് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 1.45നാണ് അപകടം.
കരിങ്കുന്നത്ത് പ്രവര്ത്തിക്കുന്ന ടൈല്സ് നിര്മാണ സ്ഥാപനത്തിലെ ജീവനക്കാരാണ് അപകടത്തില്പ്പെട്ടത്. സ്ഥാപനത്തിനു പിന്നിലെ പാടത്തോട് ചേര്ന്നുള്ള തോട്ടില്നിന്നു മീന് പിടിക്കാന് ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് ഒപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളിയായ രാജേഷ് പോലീസിനോട് പറഞ്ഞു.
ഫാക്ടറിയോട് ചേര്ന്നുള്ള മോട്ടോര് പുരയില്നിന്ന് കേബിള്വഴി വൈദ്യുതി കണക്ഷനെടുത്ത് മീന് പിടിക്കാന് ശ്രമിക്കുമ്പോഴാണ് ഇരുവര്ക്കും ഷോക്കേറ്റത്.
മൃതദേഹം പോസ്റ്റ്മോര്ട്ടം നടപടികള്ക്കായി തൊടുപുഴ ജില്ലാ ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി. സംഭവത്തില് കരിങ്കുന്നം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.