ചിങ്ങവനം: കോട്ടയം ചിങ്ങവനത്തിന് സമീപം പനച്ചിക്കാട്ട് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി പോസ്റ്റ് ഒടിഞ്ഞു വീണു. തുടർന്ന് കാർ താഴ്ചയിലേക്കു മറിഞ്ഞു. പോസ്റ്റും വൈദ്യുതി ലൈനുകളും കൂടെ റോഡിലേക്കാണ് വീണത്. ഈ സമയം ഇതുവഴി കടന്നുപോയിരുന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ പനച്ചിക്കാട് നെല്ലിക്കൽ പെരിഞ്ചേരിക്കുന്ന് റോഡിലായിരുന്നു അപകടം. സമീപത്തെ മരണവീട്ടിൽ എത്തിയ മല്ലപ്പള്ളി സ്വദേശികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്.
പോസ്റ്റിലിടിച്ച് താഴ്ചയിലേക്കു മറിഞ്ഞ കാർ ഏതാണ്ട് പൂർണമായും തകർന്ന അവസ്ഥയിലാണ്. കാറിലുണ്ടായിരുന്ന യാത്രക്കാരും പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
Tags : Miraculous escape car accident chingavanam kottayam bike accident