നാസിം സുല്‍ത്താന്‍, ആര്യ, അഭിഷേക്
അഞ്ചല്‍: അഞ്ചലില്‍ മൊബൈല്‍ കടയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് ദമ്പതികളും കടയിലെ ജീവനക്കാരനും ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. അലയമണ്‍ കരുകോണ്‍ ഷാന്‍ മന്‍സിലില്‍ നാസിം സുല്‍ത്താന്‍ (24), ഭാര്യ കടയ്ക്കല്‍ ചാണപ്പാറ ഷിബു ഭവനില്‍ ആര്യ (28), സഹായിയും കവര്‍ച്ചനടന്ന കടയിലെ ജീവനക്കാരനുമായ ചണ്ണപ്പേട്ട ഒറ്റതെങ്ങ് വിള വീട്ടില്‍ അഭിഷേക് (18) എന്നിവരെയാണ് അഞ്ചല്‍ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് അഞ്ചല്‍ മുക്കടയില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ മാള്‍ എന്ന സ്ഥാപനത്തില്‍ കവര്‍ച്ച നടക്കുന്നത്. രണ്ടുലക്ഷത്തോളം രൂപയും ഐ ഫോണുകളുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. രാവിലെ കട തുറക്കാനായി എത്തിയ ജീവനക്കാരാണ് മുന്‍വശത്തെ ഗ്ലാസ് ഡോറിന്റെ പൂട്ട് തുറന്നിരിക്കുന്നതായി കണ്ടെത്തുന്നത്.
കടയിലെ സിസിടിവി കാമറകള്‍ ഡിവിആര്‍ തകരാറിലായതിനെ തുടര്‍ന്നു പ്രവര്‍ത്തിച്ചിരുന്നില്ല. പകരം താല്‍ക്കാലികമായി വച്ചിരുന്ന കാമറ ഓഫ് ചെയ്തായിരുന്നു കവര്‍ച്ച. പോലീസ് സമീപത്തെ സ്ഥാപനങ്ങളില്‍നിന്നു ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ജീവനക്കാരില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കവേ തോന്നിയ പന്തികേടാണ് മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടാന്‍ സഹായകരമായത്.
സിസിടിവി ദൃശ്യങ്ങളില്‍നിന്നു കവര്‍ച്ചാ സമയത്ത് എത്തിയ ഇന്നോവ കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അഭിഷേകിന്റെ ബന്ധുവെത്തിയ കാറാണ് ഇതെന്ന് കണ്ടെത്തി.
അഭിഷേകിന്റെ പക്കല്‍നിന്നു കടയുടെ താക്കോല്‍ സ്വന്തമാക്കിയ ഒന്നാം പ്രതിയായ ആര്യയാണ് കവര്‍ച്ച നടത്തിയത്. ആര്യ കവര്‍ച്ച നടത്തി പുറത്തിറങ്ങുന്നത് വരെയുള്ള സമയം ഭര്‍ത്താവ് നാസിം സുല്‍ത്താനും അഭിഷേകും ഇന്നോവ കാറില്‍ അല്പം ദൂരയായി മാറി നില്‍ക്കുകയായിരുന്നു. കവര്‍ച്ച ചെയ്ത രണ്ടുലക്ഷം രൂപയില്‍ ഭൂരിഭാഗവും ആര്യയും നാസിമും താമസിക്കുന്ന മടത്തറയിലെ വാടക വീട്ടില്‍നിന്നു കണ്ടെത്തി.
പണം എസിയുടെ വിന്‍ഡോയ്ക്കുള്ളില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു വെള്ളത്തില്‍ മുക്കിയിട്ട നിലയിലുമാണ് കണ്ടെത്തിയത്. ഇവര്‍ കവര്‍ച്ചക്കായി ഉപയോഗിച്ച ഇന്നോവ കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആര്യക്കുണ്ടായിരുന്ന സാമ്പത്തിക ബാധ്യതയാണ് കവര്‍ച്ചയ്ക്ക് പ്രേരിപ്പിച്ചതെന്ന് അഞ്ചല്‍ പോലീസ് പറഞ്ഞു.
അഞ്ചല്‍ എസ്എച്ച്ഒ ഷിബു, എസ്ഐ മോനിഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Tags : Local News Nattuvishesham Kollam