തൂഫാൻ നാർക്കോഹണ്ട് മഡ് ഫുട്ബോൾ ടൂർണമെന്റിൽനിന്ന്.
മണ്ണാർക്കാട്: യുവതലമുറയെ ലഹരിയുടെ വിപത്തിൽ നിന്നകറ്റി കായികരംഗത്തേക്ക് ആകർഷിക്കുകന്ന ലക്ഷ്യത്തോടെ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് തച്ചനാട്ടുകര ബ്ലോക്ക് ഡിവിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തൂഫാൻ നാർക്കോഹണ്ട് മഡ് ഫുട്ബോൾ ടൂർണമെന്റിന് ആവേശകരമായി സമാപനം.
പത്തു ടീമുകൾ, നൂറിലേറെ കായികതാരങ്ങൾ, ആയിരത്തിലേറെ കായികപ്രേമികൾ പങ്കാളികളായ ടൂർണമെന്റ് തച്ചനാട്ടുകരയിലെ ശ്രദ്ധേയമായ കായികമാമാങ്കമായി മാറി.
തച്ചനാട്ടുകര ബ്ലോക്ക് ഡിവിഷൻ മെംബർ കെ.പി. അമീൻ റാഷിദിന്റെ നേതൃത്വത്തിൽ അന്പത്തിമൂന്നാംമൈലിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ ഗോൾഡൻ ക്ലബ് പാലോട് ജേതാക്കളായി. തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഖദീജ യൂസഫ് സമ്മാനദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
തച്ചനാട്ടുകര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ബഷീർ പിലാത്തറക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ഫൗസിയ ചേങ്ങോടൻ, രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി പി.ടി. സൈദ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.