തൊടുപുഴ: സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വിദഗ്ധസമിതി പരിശോധന വിദഗ്ധരുടെ നേതൃത്വത്തിലാകണമെന്നും ഇപ്പോള്‍ നടത്തുന്നത് കേരളത്തെ വീണ്ടും കബളിപ്പിക്കാനുള്ള നീക്കമാണെന്നും ജനസംരക്ഷണ സമിതി കുറ്റപ്പെടുത്തി.
മുന്‍കാലങ്ങളില്‍ സംഭവിച്ചതുപോലെ കേരളത്തിനെതിരായ റിപ്പോര്‍ട്ടാകും സമിതി സമര്‍പ്പിക്കുന്നതെന്ന് സംശയിക്കേണ്ട സ്ഥിതിയാണുള്ളത്. ഭൂകമ്പസാധ്യതാ മേഖലയിലാണ് അണക്കെട്ട് നില്‍ക്കുന്നതെന്ന് വിവിധ സമിതിയും പഠന റിപ്പോര്‍ട്ടുകളും മുന്നറിയിപ്പു നല്കിയിട്ടുള്ളതാണ്. ആധുനിക യന്ത്രങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് വിദഗ്ധരുടെ സഹായത്തോടെ സമഗ്ര പരിശോധനയാണ് ആവശ്യം.
നിയമവിരുദ്ധമായ പാട്ടക്കരാര്‍ റദ്ദാക്കി അപകടാവസ്ഥയിലായ ഡാം ഡീകമ്മീഷന്‍ ചെയ്യാനുള്ള അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ജനസംരക്ഷണ സമിതി ചെയര്മാന് അഡ്വ. റോയ് വാരികാട്ട്, ജനറല്‍ കണ്‍വീനര്‍ പി.ടി. ശ്രീകുമാര്‍, പിആര്‍ഒ ഷിബു കെ. തമ്പി എന്നിവര്‍ ആവശ്യപ്പെട്ടു.