പുരസ്കാരം മുൻ ഗോവ ഗവർണർ അഡ്വ . പി.എസ്. ശ്രീധരൻ പിള്ളക്ക് മന്ത്രി കെ. മുരളീധരൻ സമ്മാനിക്കുന്നു.
തിരുവനന്തപുരം : എൻഎസ്എസ് എല്ലാ കാലത്തും മതനിരപേക്ഷ കാഴ്ചപ്പാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും മന്നത്ത് പദ്മനാഭൻ മുതൽ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വരെ ആ പാരമ്പര്യം പിന്തുടരുന്നവരാണെന്നും മന്ത്രി കെ. മുരളീധരൻ.
തിരുവനന്തപുരം താലൂക്ക് എൻഎസ്എസ് കരയോഗം യൂണിയന്റെ നേതൃത്വത്തിൽ നടന്ന ചട്ടമ്പിസ്വാമി ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പുരോഗമനവാദിയായ സമുദായാചാര്യനാണു ചട്ടമ്പിസ്വാമി. സവർണ സമുദായത്തിലാണു പിറന്നതെങ്കിലും അടിച്ചമർത്തപ്പെട്ടവരുടെ ഉന്നമനത്തിനു വേണ്ടിയായിരുന്നു ചട്ടമ്പിസ്വാമികളുടെ പ്രവർത്തനമെന്നും കെ. മുരളീധരൻ ചൂണ്ടിക്കാട്ടി. വിദ്യാധിരാജ പുരസ്കാരം മുൻ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയ്ക്കു മന്ത്രി കെ. മുരളീധരൻ സമ്മാനിച്ചു. എൻഎസ്എസ് വൈസ് പ്രസിഡന്റ് എം. സംഗീത് കുമാർ അധ്യക്ഷതവഹിച്ചു. ഡോ. പൂജപ്പുര കൃഷ്ണൻ നായർ, എം. കാർത്തികേയൻ നായർ, സെക്രട്ടറി വിജൂ വി. നായർ, വനിതാ യൂണിയൻ പ്രസിഡന്റ് എം. ഈശ്വരി അമ്മ, കെ.ആർ. വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Tags : Nattuvishesham Districtnews Deepikanews Minister K. Muraleedharan