പ്രതീകാത്മക ചിത്രം
ചെറുതോണി: തോപ്രാംകുടി സഹകരണ ബാങ്കിൽ കോടികളുടെ വെട്ടിപ്പ്. പ്രാഥമികാന്വേഷണത്തിൽ 10,42,64,031 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. 17 കോടി രൂപയുടെ തിരിമറി നടന്നതായാണ് സംശയിക്കുന്നത്. ഇടുക്കി ജോയിന്റ് രജിസ്ട്രാറുടെ പരാതിയിൽ മുൻ പ്രസിഡന്റും സെക്രട്ടറിയും ജീവനക്കാരുമുൾപ്പെടെ 13 പേർക്കെതിരേ മുരിക്കാശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2020 മുതൽ 2025 വരെയുള്ള ഓഡിറ്റ് റിപ്പോർട്ടിലാണ് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയത്. എൽഡിഎഫാണ് ബാങ്ക് ഭരിച്ചിരുന്നത്. ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് ബാങ്ക് ഭരണസമിതിയിലെ കേരള കോൺഗ്രസ്-എമ്മിലെ രണ്ട് അംഗങ്ങൾ രാജിവച്ചു. കേസെടുത്തിരിക്കുന്നവരിൽ ഒരാൾ മുൻ പ്രസിഡന്റും മൂന്നുപേർ സ്ഥിരം ജീവനക്കാരുമാണ്. ഒൻപതു പേർ താത്കാലിക ജീവനക്കാരാണ്. ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് സ്ഥിരം ജീവനക്കാരായ മൂന്നുപേരെ സസ്പെൻഡ് ചെയ്തു.
ബാങ്കിന്റെ കീഴിൽ വ്യാജമായി സ്വാശ്രയസംഘം രൂപീകരിച്ച് ഒരു സംഘത്തിൽ നാലു മുതൽ 12 വരെ അംഗങ്ങളെ ചേർത്തായിരുന്നു തട്ടിപ്പ്. ഒരംഗത്തിന് അര ലക്ഷം രൂപ വീതം നിരവധി അംഗങ്ങളുടെ പേരിൽ ലക്ഷക്കണക്കിന് രൂപ മാറിയെടുത്തായിരുന്നു തട്ടിപ്പ്. സംഭവം വിവാദമായതോടെ ഇതു സംബന്ധിച്ച ഫയലുകൾ സംഘത്തിൽനിന്നു കാണാതായി. കൂടാതെ സെക്രട്ടറിയും ജീവനക്കാരും മുൻകൂറായി എടുത്ത വൻ തുകകൾ തിരിച്ചടച്ചിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി.
20 കോടി രൂപ കേരള ബാങ്കിനും 10 കോടി നിക്ഷേപകർക്കും ബാങ്ക് കൊടുക്കാനുണ്ട്. 30 കോടി രൂപ കൊടുക്കാനുള്ളപ്പോൾ 13 കോടി രൂപ മാത്രമേ ബാങ്കിനു കിട്ടാനുള്ളൂ. ബാക്കി എവിടെപ്പോയി എന്നുള്ളതിനും മറുപടിയില്ല. ബാങ്ക് സെക്രട്ടറിയും ജീവനക്കാരും വായ്പ എടുക്കാൻ പാടില്ലെന്നുള്ള നിയമം കാറ്റിൽ പറത്തിയാണ് വായ്പയെടുത്തിരിക്കുന്നത്.
സെക്രട്ടറി സുനിതാകുമാരി വലിയപറമ്പിൽ ബഥേൽ, ജൂണിയർ ക്ലർക്ക് അമ്മിണി മാധവൻ പുത്തൻപുരക്കൽ തോപ്രാംകുടി, സീനിയർ ക്ലർക്ക് വിഷ്ണു മോഹനൻ കണിപറമ്പിൽ മുട്ടുകണ്ടം-വണ്ണപ്പുറം എന്നീ സ്ഥിരം ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. മുൻ പ്രസിഡന്റ് ഷൈൻ തോമസ് കല്ലേക്കുളത്തിലാണ് രണ്ടാം പ്രതി. താത്കാലിക ജീവനക്കാരായ ആൽബിൻ ജോസ് ആനിക്കൽ പടമുഖം, എബി കുര്യൻ പടലാംകുന്നേൽ കനകക്കുന്ന്, സോബിൻ ജോസഫ് കാനാനിക്കുന്നേൽ പടമുഖം, ടീന ജേക്കബ് പടിഞ്ഞാറേക്കര കനകക്കുന്ന്, അഞ്ജു തങ്കപ്പൻ മുണ്ടുപാലത്തിങ്കൽ കനകക്കുന്ന്, ശ്രുതി വലിയമറ്റം തോപ്രാംകുടി, ജെസി മണ്ണകുളം മഞ്ഞപാറ-ബഥേൽ, അനു, പരേതനായ ജോർജ് പുരയിടത്തിൽ എന്നിവരാണു പ്രതികൾ.
കേസന്വേഷണം ഊർജിതമായതോടെ പ്രതികൾ മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നതായും സൂചനയുണ്ട്.
Tags : Local News Nattuvishesham Multi-crore fraud Thopramkudi Cooperative Bank 13 people three employees suspended